മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി എന്ന അനുനയ അനൂപ്. സിനിമകൾക്കൊപ്പം അവതരണ മേഖലയിലും സജീവമാണ് താരം. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ ഷോയിലെ അവതാരകയാണ് ഈ പതിനൊന്നാം ക്ലാസ്സുകാരി.
അവതാരക കൂടിയായ മീനാക്ഷിയ്ക്ക് ഒരു യൂട്യൂബ് ചാനലുണ്ടായിരുന്നു. കുറച്ചുധികം നാളുകളായി ചാനലിൽ വീഡിയോകളൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നില്ല.അതിന്റെ കാരണം വ്യക്തമാക്കുകയാണ് മീനാക്ഷി. തന്റെ പുതിയ യൂട്യൂബ് ചാനലിൽ അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവച്ചത്.യൂട്യൂബ് ചാനലിലെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്ന മീഡിയ തങ്ങളെ പറ്റിക്കുകയായിരുന്നെന്നാണ് താരം പറയുന്നത്.
“ഒരു ക്രൂ നമ്മളെ ഇങ്ങോട് അപ്രോച്ച് ചെയ്യുകയായിരുന്നു. യൂട്യൂബ് ചാനൽ ആരംഭിക്കാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇവർ ഞങ്ങൾക്കടുത്ത് എത്തുന്നത്. വീഡിയോസ് എല്ലാം അവർ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യും അങ്ങനെയൊക്കെയായിരുന്നു. ഒരു ചേച്ചിയുടെ ചാനലിൽ എന്റെ അഭിമുഖം എടുക്കാൻ വന്നപ്പോഴാണ് ഇവരെ ആദ്യമായി കാണുന്നത്” മീനാക്ഷി പറഞ്ഞു.
തങ്ങളെ മാത്രമല്ല ഒരുപാട് ആളുകളെ ഇവർ പറ്റിച്ചിട്ടുണ്ടെന്നാണ് മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നത്. കോട്ടയം എസ് പി ഓഫീസിൽ ഇതിനെതിരെ പരാതിയും നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനൽ സ്വന്തമായുള്ള ആളുകൾ വിശ്വസ്തരായവരെ മാത്രം കൂടെ നിർത്തണമെന്നും ഇവർ പറയുന്നുണ്ട്. ചാനലിന്റെ വരുമാനമായി ലഭിച്ച കാശും ഒരു ലക്ഷം സബ്സ്ക്രൈബേഴ്സാകുമ്പോൾ യൂട്യൂബ് തരുന്ന പ്ലേ ബട്ടനും ഇതുവരെ മീനാക്ഷിക്ക് ഇവർ നൽകിയിട്ടില്ല. ഇപ്പോൾ അവർ യൂട്യൂബ് ചാനൽ പ്രൈവന്റാക്കി വച്ചിരിക്കുകയാണെന്ന് മീനാക്ഷി പറയുന്നു.