മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. അടുത്തിടെ തിയേറ്ററുകളിലെത്തിയ, അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ടീച്ചർ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയും മഞ്ജു പിള്ള അവതരിപ്പിച്ചിരുന്നു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മഞ്ജു പിള്ള ഷെയർ ചെയ്ത സ്റ്റെലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “യഥാർത്ഥ മോഡലുകൾ ട്രെൻഡിനു പിറകെ പോവുന്നവരല്ല, അവർ ട്രെൻഡ് സൃഷ്ടിക്കുന്നവരാണ്. സ്റ്റൈൽ എന്നത് നമുക്കെല്ലാവർക്കും സഹജമായ കാര്യമാണ്, നമ്മൾ അത് കണ്ടെത്തിയാൽ മതി,” മഞ്ജു കുറിച്ചു.
‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്.
നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. കഴിഞ്ഞ വർഷമിറങ്ങിയ ‘ഹോം’ എന്ന ചിത്രത്തിലെ കുട്ടിയമ്മയെന്ന കഥാപാത്രം മഞ്ജുവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ഏകമകൾ ദയ.