scorecardresearch
Latest News

തനിയെ റോഡിലിറങ്ങി ഓട്ടോയ്ക്ക് കൈകാണിക്കുന്ന മുഖ്യമന്ത്രി: അഞ്ജനയെ ട്രോളി സോഷ്യൽ മീഡിയ

Manjil Virinja Poovu Serial Trolls: ബോംബ് വിഴുങ്ങി മരിച്ച ‘പരസ്പരം’ സീരിയലിലെ ദീപ്തി ഐപിഎസിനു ശേഷം ഇനിയാരെന്ന ട്രോളന്മാരുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്, എല്ലാ വകുപ്പുകളും ഒറ്റക്ക് ഭരിക്കാൻ മാത്രം കെൽപ്പുള്ള സിഎം അഞ്ജനയാണ് ഇപ്പോൾ ട്രോളുകളിലെ താരം

Manjil Virinja Poovu serial trolls , CM Anjana trolls

Manjil Virinja Poovu Serial Trolls: ബോംബ് വിഴുങ്ങി മരിച്ച ‘പരസ്പരം’ സീരിയലിലെ ദീപ്തി ഐപിഎസിനു ശേഷം ആര്? എന്ന ട്രോളന്മാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിലൊരു നായികയെ കിട്ടിയിരിക്കുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ നായികയായ അഞ്ജന ശങ്കർ എന്ന കഥാപാത്രമാണ് ഇപ്പോൾ ട്രോളന്മാരുടെ പ്രിയങ്കരി. മാളവിക വെയ്ൽസ് ആണ് അഞ്ജനയെ അവതരിപ്പിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര നാട്ടിൻപുറത്തുകാരിയായ അ‍ഞ്ജന എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് പറയുന്നത്. സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ ഉയർന്ന നായികയായാണ് അഞ്ജനയെ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

തേയില തൊഴിലാളിയിൽ നിന്നും ജീവിതം ആരംഭിച്ച അഞ്ജന പിന്നീട് പ്ലസ് ടുവിന് ഉന്നതവിജയം നേടുന്നു, ഐഎഎസിലും ഉജ്ജ്വലവിജയം. പിന്നീട് ദേവികുളം സബ് കളക്ടറായും തിളങ്ങുന്നു.​ഒടുവിൽ കേരളത്തിന്റെ ആദ്യത്തെ വനിതാമുഖ്യമന്ത്രിയാവുന്നു… ഇങ്ങനെ പോവുന്നു സംഭവബഹുലമായ അഞ്ജനയുടെ ജീവിതം.

കഴിഞ്ഞ ദിവസമാണ് അ‍ഞ്ജന മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തുകൊണ്ടുള്ള എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. അധികാരമേറ്റെടുത്തയുടനെ അഞ്ജന നടപ്പിലാക്കിയ പദ്ധതികളും ഭാവിപ്ലാനുകളുമൊക്കെയാണ് ട്രോളന്മാർ എടുത്തിട്ട് ആഘോഷമാക്കുന്നത്. എല്ലാവർക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി, മന്ത്രിമാർക്ക് 5 പേഴ്സണൽ സ്റ്റാഫ്, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സിയിൽ നിന്ന് നിയമനം, ഒഴിഞ്ഞു കിടക്കുന്ന മന്ത്രി മന്ദിരം ടൂറിസം വകുപ്പിന് കൈമാറുക എന്നിങ്ങനെ പോവുന്നു സിഎം അഞ്ജനയുടെ ഭരണപരിഷ്കാരങ്ങൾ.

യുക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത സീരിയലിലെ കഥാസന്ദർഭങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ രസകരമായ കമന്റുകളും ട്രോളുകളും നിറയുകയാണ് ഇപ്പോൾ.

പാർട്ട് ടൈം സയന്റിസ്റ്റ്, പാർട്ട് ടൈം യുദ്ധ വൈമാനിക, പാർട്ട് ടൈം നേവി ഉദ്യോഗസ്ഥ, പാർട്ട് ടൈം നയതന്ത്ര ഉദ്യോഗസ്ഥ ഇതൊക്കെയാണ് അഞ്ജന മാഡത്തിന്റെ എക്സ്ട്രാ ആക്റ്റിവിറ്റികൾ എന്നാണ് ഒരു കമന്റ്.

“നിങ്ങൾക്കറിയാഞ്ഞിട്ടാണ് അഞ്ജന മാഡം സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. പോരാത്തതിന് ആദ്യമായി ചന്ദ്രനിലും ചൊവ്വയിലും കാലുകുത്തിയതും അഞ്ജന മാഡമാണ്,” എന്നാണ് രസകരമായ മറ്റൊരു കമന്റ്.

“രണ്ടുവർഷം കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആവും, അത് കഴിഞ്ഞു അമേരിക്കൻ പ്രസിഡണ്ട്‌, അതിനു ശേഷം റഷ്യൻ പ്രസിഡണ്ട്‌ പിന്നെ ഉക്രൈയിൻ സമാധാന ചർച്ച, അവിടെ മുഴുവൻ തേയിലത്തോട്ടം വെച്ച് പിടിപ്പിക്കും,” രസകരമായ മറ്റൊരു കമന്റ് ഇങ്ങനെ.

എല്ലാ വകുപ്പുകളും ഒറ്റക്ക് ഭരിക്കും എന്നാണ് കേട്ടത്!, ഇത്ര വെറൈറ്റിയുള്ള ഒരു ബയോഡേറ്റ ആദ്യമായാണ് കാണുന്നത്, നാളെ യു എൻ സെക്രട്ടറി ജനറൽ ആയി ചാർജ്ജെടുക്കും, അടുത്തത് പ്രധാനമന്ത്രി ഇല്ലേൽ ഈ സീരിയൽ ഞങ്ങൾ ബഹിഷ്കരിക്കും, ഇനി അഞ്ജന മാഡത്തെ ഒരു രാജ്യമായി പ്രഖ്യാപിക്കേണ്ടി വരുമോ?, അതിനിടെ കണ്ണിന്റെ കാഴ്ച കിട്ടിയ കാര്യം പറഞ്ഞില്ലല്ലോ മെഡിക്കൽ സയൻസ് ഇതുവരെ കാണാത്ത മിറക്കിളായിരുന്നു അത് എന്നിങ്ങനെ പോവുന്നു കമന്റുകൾ.

അതേസമയം, കഴിഞ്ഞ ദിവസം വന്ന സീരിയലിന്റെ പുതിയ പ്രമോയും ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു. റോഡിലൂടെ തനിയെ നടന്ന് വന്ന് ഓട്ടോയ്ക്ക് കൈകാണിക്കുന്ന മുഖ്യമന്ത്രിയെ ആണ് പ്രമോയിൽ കാണാനാവുക. ഉഫ്ഫ് കണ്ടു പഠിക്കിനെടാ ഞങ്ങളുടെ മുഖ്യമന്ത്രിയെ, നടുറോട്ടിൽ ഒറ്റയ്ക്ക് ഓട്ടോയ്ക്ക് കൈകാണിച്ച സിഎം മാസ്സല്ലേ എന്നിങ്ങനെ രസകരമായ കമന്റുകളാണ് പ്രമോ വീഡിയോയ്ക്കും ലഭിക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Manjil virinja poovu serial trolls cm anjana

Best of Express