മണിക്കുട്ടന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ‘ബിഗ് ബോസ് 3’യിൽ മത്സരാർത്ഥിയായി എത്തിയത്. സിനിമയിൽ എത്തി പതിനഞ്ചു വർഷക്കാലമായിട്ടും നേടാൻ കഴിയാതെ പോയ പല സ്വപ്നങ്ങളും നേടാൻ ആഗ്രഹിച്ചായിരുന്നു മണിക്കുട്ടന്റെ ‘ബിഗ് ബോസി’ലേക്കുള്ള വരവ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സ്വന്തമായൊരു വീട് എന്നത്. ‘ബിഗ്ബോസ് സീസൺ 3’യുടെ വിജയിയായി ജയിച്ചു കേറിയതിനു പിന്നാലെ മണിക്കുട്ടന്റെ ആ സ്വപ്നം സഫലമായിരിക്കുകയാണ്. ഫൈനൽ വേദിയിൽ ട്രോഫിക്ക് ഒപ്പം ഫ്ലാറ്റിന്റെ കീ സമ്മാനിച്ചെങ്കിലും അതിനു ശേഷം അതുമായി ബന്ധപ്പെട്ട് ആരും വിളിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ലൈവിൽ മണിക്കുട്ടൻ പറഞ്ഞിരുന്നു.
സഹമത്സരാർത്ഥിയായ അനൂപ് തന്റെ വീട്ടിൽ വന്നപ്പോൾ എടുത്ത ലൈവ് വീഡിയോയിൽ ആയിരുന്നു മണിക്കുട്ടൻ ഇത് പറഞ്ഞത്. എന്നാൽ അതിനു പിന്നാലെ അണിയറ പ്രവർത്തകരിൽ നിന്നും വിളിയെത്തിയെന്നും ഉടനെ വീട് കൈമാറുമെന്നും അറിയിച്ചെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ് താരം.
“എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയപ്രേക്ഷകരോട്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു. ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും. വിജയിച്ച എന്നെ വിളിച്ചു ആശംസകൾ അറിയിച്ച എന്നെ എന്നും സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും, സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ, എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു” മണിക്കുട്ടൻ കുറിച്ചു.
കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്ളാറ്റാണ് മണിക്കുട്ടന് ലഭിക്കുക.
Also read: മണിരത്നം സാർ തിരക്കി, ആരാണ് മണിക്കുട്ടൻ?
കഴിഞ്ഞ ദിവസം അനൂപ് വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളും മണിക്കുട്ടൻ പങ്കുവെച്ചിരുന്നു. “എന്നെപ്പോലെ ബിഗ് ബോസ് ഹൗസിൽ അമ്മയ്ക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ” എന്ന അടികുറിപ്പോടെ അമ്മയോടൊപ്പമുള്ള ചിത്രമാണ് മണിക്കുട്ടൻ പങ്കുവച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ മൂലം നിർത്തിവെച്ച ഷോയിൽ വോട്ടെടുപ്പിലൂടെയായിരുന്നു അവസാനം വിജയികളെ തിരഞ്ഞെടുത്തത്. സായി വിഷ്ണു ആയിരുന്നു ഫസ്റ്റ് റണ്ണർ അപ്പ്, ഡിംപൽ ഭാൽ സെക്കന്റ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപ് കൃഷ്ണനും നേടി. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ യഥാക്രമം കിടിലം ഫിറോസ്, ഋതു മന്ത്ര, നോബി മാർക്കോസ് എന്നിവരാണ് നേടിയത്.