Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിലേക്ക് ഈ സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയാണ് മണികണ്ഠൻ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് കലാകാരന്, കൃഷി, അധ്യാപനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ മണികണ്ഠൻ തോന്നയ്ക്കൽ സാധാരണക്കാർക്കിടയിൽ നിന്നൊരാൾ എന്ന രീതിയിലാണ് ബിഗ് ബോസ് വീട്ടിലെത്തിയത്.
എന്നാൽ, ഒരാഴ്ച കഴിയും മുൻപു തന്നെ ശാരീരികമായ ബുദ്ധിമുട്ടുകളാൽ മണികണ്ഠന് ബിഗ് ബോസ് വീട് വിട്ടിറങ്ങേണ്ടി വന്നിരിക്കുകയാണ്. പ്രമേഹരോഗിയായ മണികണ്ഠൻ കൂടുതൽ കൃത്യമായ ഭക്ഷണക്രമവും ഒപ്പം വിശ്രമവും ആവശ്യമാണെന്നും ദിവസവും നാല് നേരം ഇൻസുലിൻ എടുക്കേണ്ടതുണ്ടെന്നും മണികണ്ഠന്റെ ഡോക്ടർ അറിയിച്ചത് പ്രകാരമാണ് മടക്കം.
വെള്ളിയാഴ്ച രാത്രി കൺഫെഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസാണ് ഇക്കാര്യങ്ങൾ മണികണ്ഠനെ അറിയിച്ചത്. വരും ദിവസങ്ങളിൽ മത്സരം കൂടുതൽ കടുപ്പമേറിയതാകുമെന്നും അതിനാൽ ബിഗ് ബോസ് ഡോക്ടർമാർ നിർദേശിക്കുന്നതും ഇത് തന്നെയാണെന്ന് ബിഗ് ബോസ് വ്യക്തമാക്കി. രോഗാവസ്ഥ ആരുടേയും കുറ്റമല്ലെന്നും ആരോഗ്യമാണ് പ്രധാനവുമെന്നും മണികണ്ഠനെ സമാധാനിപ്പിച്ച് ആശംസകൾ നേർന്ന ശേഷം കൺഫെഷൻ റൂമിൽ നിന്ന് പുറത്തേക്ക് വിളിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം, ബിഗ് ബോസ് 24 X 7 ലൈവ് ഷോയ്ക്കിടെ പലപ്രാവശ്യം മണികണ്ഠനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്കും മെഡിക്കൽ റൂമിലേക്കുമൊക്കെ വിളിപ്പിച്ചിരുന്നു. ശാരീരികമായ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ മണികണ്ഠനെ അലട്ടുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു.
ഇന്നലെ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ വന്ന ശേഷം ഇക്കാര്യം പറഞ്ഞതും ദൃശ്യങ്ങൾ കാണിച്ചതും. വീട്ടിലെ മറ്റു മത്സരാർത്ഥികളോട് യാത്ര പറയാൻ അവസരം നൽകാതെയാണ് ബിഗ് ബോസ് മണികണ്ഠനെ തിരികെ വിളിച്ചത്. ശേഷം ലിവിങ് റൂമിൽ മത്സരാർത്ഥികളോട് വന്നിരിക്കാൻ ആവശ്യപ്പെടുകയും. ആരോഗ്യകരണങ്ങളാൽ മണികണ്ഠൻ ബിഗ് ബോസ് വീട് വിട്ടതായി അറിയിക്കുകയുമായിരുന്നു.
മണികണ്ഠൻ മടങ്ങിയതോടെ ബിഗ് ബോസ് വീട്ടിലെ മത്സരാത്ഥികളുടെ എണ്ണം 15 ആയി. ഇന്ന് നടക്കുന്ന എലിമിനേഷനിൽ ഒരാൾ കൂടി പുറത്തുപോകും എന്നാണ് അറിയുന്നത്. ബ്ലെസ്ലി, അശ്വിൻ, ഡോ. റോബിൻ, സൂരജ് എന്നിവരാണ് എലിമിനേഷനിൽ. ഇതിൽ സൂരജ് പുറത്താകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.