മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുലയും യുവകൃഷ്ണയും. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകർക്ക് പ്രിയങ്കരനായതെങ്കിൽ ‘പൂക്കാലം വരവായി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല. ഇവരുടെ വിവാഹത്തിനായാണ് ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്നത്. തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ഇവർ പങ്കുവച്ചതോടെ ആരാധകരും സന്തോഷത്തിലാണ്.
ഇപ്പോഴിതാ വിവാഹത്തിന് താൻ ഉടുക്കാൻ പോകുന്ന പുടവ നെയ്തെടുക്കുന്ന വീഡിയോ ആരധകരുമായി പങ്കുവച്ചിരിക്കുകയാണ് മൃദുല. മൂന്ന് ആഴ്ച കൊണ്ട് ആറ് തൊഴിലാളികൾ കൈകൾ കൊണ്ട് നെയ്തെടുക്കുന്ന 100 ശതമാനം ശുദ്ധമായ കസവ് പുടവയാണ് നെയ്യുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്.
അർപ്പണബോധത്തോടെ തന്റെ പുടവ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മൃദുല വീഡിയോ പങ്കുവച്ചിരിക്കുന്നത്. അലീന പടിക്കൽ ഉൾപ്പടെയുള്ള താരങ്ങൾ ‘നിന്നെ ഇത് ധരിച്ചു കാണാൻ കാത്തിരിക്കുന്നു’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്. വിവാഹം ഉറപ്പിച്ചതു മുതൽ വിവാഹ തീയതി അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.
Read Also: പേളിയുടെ നില ബേബിയെ കണ്ടോ? ജിപിയുടെ മറുപടി
നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവർ സഹോദരിമാർ.