/indian-express-malayalam/media/media_files/snNGA0goDn0qWEIlPQD9.jpg)
സ്കൂളിൽ പഠിക്കുമ്പോൾ ധരിച്ചിരുന്നത് രചനാ നാരായണൻ കുട്ടിയുടെ യൂണിഫോം ആയിരുന്നുവെന്നും മായ പറയുന്നു
കോമഡി ഫെസ്റ്റിവൽ, കോമഡി സ്റ്റാർസ് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് മായ കൃഷ്ണൻ. കോമഡി ഷോകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ സ്വീകരണമുറിയിലെത്തിയ താരം, ജീവിതം പിന്നിട്ട ദുരിതപൂർണ്ണമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ടെലിവിഷൻ താരം സരിത ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിലുകൾ.
"ഡാൻസ് ട്രൂപ്പിൽ നിന്നാണ് ടെലിവിഷൻ രംഗത്തെത്തിയത്. പുതിയതായി തുടങ്ങുന്ന ചാനലിലേക്ക് ഡാൻസേഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ മാസ്റ്ററാണ് മഴവിൽ മനോരമയിൽ ആരംഭിച്ച കോമഡി ഫെസ്റ്റിവലിൽ എത്താൻ കാരണമായത്. ചാനൽ പരിപാടിയിൽ നിശ്ചയിച്ചിരുന്ന ആർട്ടിസ്റ്റ് എത്താതിരുന്നതിനെ തുടർന്ന് ആ ആർട്ടിസ്റ്റിനോട് സാമ്യമുള്ള തന്നെ പകരം പരിപാടിയിൽ പങ്കെടുപ്പിക്കുകയായിരുന്നു," മായ പറഞ്ഞു.
ബാക്കി കണ്ടസ്റ്റൻസിനെല്ലാം, താൻ ഡാൻസറായിരുന്നത് കൊണ്ട് അഭിനയത്തിൽ തെറ്റിക്കുമോ എന്ന പേടിയുണ്ടായിരുന്നു എന്നാൽ സംക്രാന്തി നസീറിക്കയാണ് തന്നിക്ക് ആദ്യമായി ലൈവിൽ അവസരം തന്നതെന്നും താരം പറഞ്ഞു. "'അവള് നന്നായി ചെയ്യുന്നുണ്ടല്ലോ, ഇനി ഡാൻസിനു ബാക്കിൽ നിർത്തണ്ടാ എന്ന് ഉർവശിച്ചേച്ചിയാണ് പറഞ്ഞത്," പിന്നീട് സ്കിറ്റുകളുടെ ഭാഗമായി എന്നും മായ കൂട്ടിച്ചേർത്തു.
കുടുംബത്തിലെ ദുരിതങ്ങൾ പറയുമ്പോൾ 'വന്നോ ദാരിദ്ര്യം പറയാൻ' എന്ന രീതിയിലായിരുന്നു ആളുകളുടെ പെരുമാറ്റം, മായ പറയുന്നു. "എനിക്ക് ബുദ്ധിവയ്ക്കുമ്പോൾ ഞാൻ കാണുന്നത് അമ്മ വല്ലവരുടെയും പാത്രം കഴുകുന്നതാണ്. കിടക്കാൻ സ്ഥലമില്ലാതെ, വാടക കൊടുക്കാനില്ലാതെ...... നമ്മുടെ ഡ്രസ്സിട്ട് വയ്ക്കാൻ പോലും സ്വന്തമായിട്ട് ഒരു പെട്ടിയില്ല, ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. അതു ഞാൻ സ്വയം മേടിക്കുന്ന ഡ്രസ്സുകളല്ല, നമ്മൾ ജോലിചെയ്യുന്ന വീടുകളിലെ ഡോക്ടേഴ്സിന്റെ മക്കളിട്ട ഡ്രസ്സാണ് എനിക്കു കിട്ടുന്നത്," മായ പറഞ്ഞു.
തന്റെ സ്കൂളിൽ സീനിയറായി പഠിച്ചിരുന്ന ചലച്ചിത്ര താരം രചനാ നാരായണൻ കുട്ടിയുടെ യൂണിഫോം ആണ് താൻ സ്കൂളിൽ പഠിക്കുന്ന സമയം ഉപയോഗിച്ചിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. "ആ സമയം സ്കൂളിലെ കാലാതിലകമായിരുന്നു ചേച്ചി. ചേച്ചിയുടെ സ്കൗട്ടിന്റെയും ബാന്റ് സെറ്റിന്റയും വസ്ത്രങ്ങളും യൂണിഫോമുമായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.