നർത്തകി, നടി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് മാളവിക കൃഷ്‌ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. മെയ് 3 നായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. വിവാഹാഘോഷത്തോട് അനുബന്ധിച്ച് നടന്ന മെഹന്ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായിരുന്നു.
തായ്‌ലാൻഡിലേക്കാണ് മാളവികയും തേജസും ഹണിമൂണിനായി പോയത്. യാത്രയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം കുറച്ചു ദിവസങ്ങളായി മാളവിക തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
നായിക നായകനിൽ മാളവികയ്‌ക്കൊപ്പം മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തട്ടിൻപുറത്ത് അച്ചുതൻ എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു. പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്.
സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തേജസാണ് വരൻ എന്ന കാര്യം വെളിപ്പെടുത്തിയത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ എന്നിവയിലെല്ലാം താരം പങ്കെടുത്തു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലാണ് മാളവിക അവസാനമായി പങ്കെടുത്തത്. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മാളവികയായിരുന്നു. അവതാരകയായും താരം ശ്രദ്ധ നേടിയിട്ടുണ്ട്.