അഞ്ജു ശശി എന്ന പേരിനേക്കാളും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയം ‘M80 മൂസ’യിലെ റസിയ എന്ന കഥാപാത്രത്തിനെയാവും. വിനോദ് കോവൂറും സുരഭിയും M80 മൂസയും പാത്തുവുമായി തകർത്ത് അഭിനയിച്ച് കേരളക്കരയുടെ ഇഷ്ടം കവർന്നപ്പോൾ ഇരുവരുടെയും മക്കളായി എത്തിയത് അഞ്ജുവും അതുൽ ശ്രീവയും ആയിരുന്നു.
പഠനവും ജോലിയുമൊക്കെ വിട്ട് അഭിനയമെന്ന സ്വപ്നത്തിനു പിറകെ ഇറങ്ങിപുറപ്പെടുന്നവരുടെ കഥകൾ നമ്മൾ ഏറെ കേട്ടിട്ടുണ്ടാവും. എന്നാൽ അഭിനയത്തോട് വിട പറഞ്ഞ് ഇഷ്ടപ്പെട്ട ജോലി സ്വന്തമാക്കിയിരിക്കുകയാണ് അഞ്ജു. എയർ ഹോസ്റ്റസ് ആയി അഞ്ജു കരിയർ ആരംഭിച്ച സന്തോഷം വിനോദ് കോവൂർ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
“ഇത് അഭിമാന നിമിഷം. M80 മൂസ എന്ന പ്രോഗ്രാമിൽ എന്റേയും സുരഭിയുടേയും മകൾ റസിയയായ് അഭിനയിച്ച അഞ്ജു ഇന്നലെ മുതൽ എയർ ഹോസ്റ്റസ് ആയ വിവരം എല്ലാ പ്രേക്ഷകരേയും സസന്തോഷം അറിയിക്കുന്നു.
M80 മൂസ ഫാമിലി ആദ്യമായ് ദുബായിലേക്ക് യാത്ര ചെയ്തപ്പോൾ വിമാനത്തിലെ എയർ ഹോസ്റ്റസിനെ കണ്ടപ്പോൾ അവൾ ഞങ്ങളോട് ചോദിച്ചു. എനിക്കും എയർ ഹോസ്റ്റസ് ആകാൻ കഴിയുമോ എന്ന്. പിന്നെന്താ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ പറ്റും. ഡിഗ്രിയൊക്കെ കഴിഞ്ഞ് എയർ ഹോസ്റ്റസ് ആവാനുള്ള കോഴ്സിന് ചേര് എന്ന ഞങ്ങളുടെ മറുപടി, അവൾ അന്നുമുതൽ സ്വപ്നം കാണാൻ തുടങ്ങി.
ഇന്നവൾ ആ സ്വപ്നം സാക്ഷാത്കരിച്ചു.
ഇന്നലെ അവൾ ഫോണിൽ വിളിച്ച് പറഞ്ഞു,
“ഉപ്പാ ഞാൻ നാളെ ആദ്യമായ് പറക്കാൻ പോവ്വാട്ടോ,” എന്ന്.
ഒത്തിരി സന്തോഷം തോന്നിയ നിമിഷം.
“പറക്ക് മോളേ പറക്ക്, ആകാശം മുയുവൻ ഉപ്പാന്റെ മോള് പറക്ക്” അപ്പൊ പ്രേക്ഷകരേ ഇനി ഇങ്ങള് ഞമ്മളെ മോളെ കാണുന്നത് ആകാശത്തിന്നായിരിക്കും ട്ടോ.. ഒപ്പം മറ്റൊരു സന്തോഷം അഞ്ജു പ്രധാന വേഷം ചെയ്ത ‘ലവ് എഫ്എം’ എന്ന സിനിമ റിലീസിന് എത്തുന്നു എന്നുള്ളതാണ്. അത് നിങ്ങൾ തിയ്യേറ്ററിൽ തന്നെ ചെന്ന് കാണണം,” വിനോദ് കോവൂർ കുറിക്കുന്നു.