സിനിമ, സീരിയല്‍ എന്നീ നിലകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലക്ഷ്മിപ്രിയ.’നരന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ ലക്ഷ്മി തന്മാത്ര, ചക്കരമുത്ത്, ലയണ്‍, അതിശയന്‍, നിവേദ്യം, മാടമ്പി, ഭാഗ്യദേവത, സീനിയേഴ്‌സ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ജീവന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത ‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനില്‍ എത്തിയത്. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലും ലക്ഷ്മിപ്രിയ പങ്കെടുത്തിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മിപ്രിയ തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മിപ്രിയയുടെയും ഭർത്താവ് ജയേഷിന്റെയും 20-ാം വിവാഹവാർഷികമാണിന്ന്. ഭർത്താവിന് ആശംസകളറിയിക്കുന്നതിനൊപ്പം തനിക്ക് ജയേഷ് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നും പറയുകയാണ് ലക്ഷ്മിപ്രിയ. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിൽ പകർത്തിയ ചിത്രത്തിനൊപ്പമാണ് ലക്ഷ്മിപ്രിയ കുറിപ്പ് പങ്കുവച്ചത്.
താൻ സുരക്ഷിത്വം നിറഞ്ഞൊരു ജീവിതം നയിക്കാൻ തുടങ്ങിയിട്ട് 20 വർഷമായെന്ന് കുറിച്ചാണ് ലക്ഷ്മിപ്രിയയുടെ ആശംസ കുറിപ്പ് ആരംഭിക്കുന്നത്. “സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാൻ നയിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്ന് എന്നോടു ചോദിച്ചാൽ ഞാൻ പറയും അതേ എന്ന്. അല്ലെങ്കിൽ വളരെ സ്ട്രോങ്ങ് ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേർന്നു നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാൽ ഏറ്റവും നല്ലത്.സംരക്ഷണവും സ്നേഹവും ഉണ്ടാവണം.”
ലക്ഷ്മിപ്രിയയ്ക്ക് രണ്ടു വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞത്. പിന്നീട് അപ്പച്ചിയ്ക്കും വാപ്പുമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അവരുടെ മരണ ശേഷം ഒരു നാടകസമിതിയ്‌ക്കൊപ്പമായിരുന്നു ലക്ഷ്മിപ്രിയയുടെ ജീവിതം. ജയേഷ് തന്റെ അച്ഛൻ പട്ടണക്കാട് പുരുഷോത്തമനെ കാണാനെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയെ ആദ്യമായി കാണുന്നത്. ഒരു സൗകര്യങ്ങളുമില്ലാത്ത ആ വീട്ടിൽ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന നിശ്ചയദാർഢ്യമാണ് വിവാഹത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് ലക്ഷ്മിപ്രിയ കുറിച്ചു.
ഇരുവർക്കും മാതംഗി എന്ന പേരായ ഒരു മകളുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് ശേഷവും ലക്ഷ്മിപ്രിയ പൊതുയിടങ്ങളിൽ വളരെയധികം സജീവമാണ്. ഷോയില്‍ നാലാം സ്ഥാനം ലക്ഷ്മിപ്രിയ കരസ്ഥമാക്കിയിരുന്നു.