/indian-express-malayalam/media/media_files/uploads/2023/06/Kollam-Sudhi-Binu-Adimali-Lakshmi-Nakshathra.jpg)
Lakshmi Nakshathra Opens Up About the Loss of Kollam Sudhi
കൊല്ലം സുധിയുടെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. പ്രിയ കൂട്ടുകാരന്റെ വിയോഗം സ്റ്റാർ മാജിക് കുടുംബത്തിലെ പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സുധിയ്ക്ക് ഒപ്പം അപകടത്തിൽ പെട്ട കാറിൽ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, മഹേഷ് തുടങ്ങിയവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അഞ്ചു വർഷത്തോളം തമാശകൾ പറഞ്ഞും ചിരിച്ചും സങ്കടങ്ങൾ പങ്കുവച്ചും ചേർത്തുപിടിച്ചും കൂടെ നടന്ന പ്രിയ കൂട്ടുകാരന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല സ്റ്റാർ മാജിക് കുടുംബം എന്നാണ് അവതാരക ലക്ഷ്മി നക്ഷത്ര പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന ബിനു അടിമാലിയെ ഒക്കെ ആ ട്രോമ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.
" എല്ലാവരും ഉറങ്ങുന്ന സമയത്താണ് അപകടം നടന്നത്. ബിനു ചേട്ടനൊക്കെ എണീക്കുമ്പോൾ കാണുന്നത് ഇതാണ്. അതിന്റെ ട്രോമയുണ്ട്. ബിനു ചേട്ടൻ തിരികെയെത്താൻ കുറച്ചു ദിവസങ്ങൾ കൂടിയെടുക്കും. അദ്ദേഹത്തെ ഞാനിന്നലെ പോയി കണ്ടിരുന്നു. ബിനു ചേട്ടൻ പെട്ടെന്ന് റിക്കവർ ചെയ്യാൻ എല്ലാവരും പ്രാർത്ഥിക്കണം," ലക്ഷ്മി പറഞ്ഞു.
സുധിയും കുടുംബവുമൊക്കെയായി തനിക്കുണ്ടായിരുന്നു വ്യക്തിപരമായ അടുപ്പത്തെ കുറിച്ചും കണ്ണീരോടെയാണ് ലക്ഷ്മി സംസാരിക്കുന്നത്. ആ ഫ്ളോറിൽ തനിക്കേറെ ഇഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നു സുധിയെന്നും ഒരിക്കലും ആരോടും അദ്ദേഹം നോ പറയുകയോ ദേഷ്യപ്പെടുകയോ ചെയ്യാറില്ലായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. "എപ്പോൾ കാണുമ്പോഴും സ്നേഹത്തോടെ തലയിൽ തലോടി വിശേഷങ്ങൾ പറയും, സംസാരിക്കും. ചിന്നു, പൊന്നേ, മോളേ എന്നൊക്കെയാണ് വിളിക്കുക. ഷൂട്ടിനു കയറുമ്പോൾ എനിക്കെന്തെങ്കിലും ചെറിയ സങ്കടമുണ്ടെങ്കിൽ കൂടി അതാദ്യം മുഖത്തു നിന്നും വായിച്ചെടുക്കുന്ന ആൾ സുധിച്ചേട്ടനായിരുന്നു."
മിമിക്രി ലോകത്തു നിന്ന് സിനിമയിലെത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുണ്ടാകും കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുധി സിനിമാ രംഗത്തേക്ക് എത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ ആയിരുന്നു ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.