ബിഗ് ബോസ് നാലാം സീസണിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. സുഖിൽ എന്നാണ് ഈ മൂന്നംഗ സംഘത്തിന് ബിഗ് ബോസ് പ്രേക്ഷകർ നൽകിയ പേര്. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷവും പരസ്പരമുള്ള സൗഹൃദം തുടരുകയാണ് ഈ കൂട്ടുകാർ.
ഇപ്പോഴിതാ, സുചിത്രയ്ക്കും സൂരജിനുമൊപ്പം മൂകാംബികയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് കുട്ടി അഖിൽ. “ബിഗ്ബോസിനുള്ളിൽ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങു സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നിൽ പോയി മൂകാംബിക നടയിൽ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം,” സുചിത്രയ്ക്കും സൂരജിനുമൊപ്പമുള്ള ചിത്രം ഷെയർ ചെയ്ത് അഖിൽ കുറിച്ചു.
ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്.
നടനും മിമിക്രിതാരവും ടെലിവിഷൻ അവതാരകനുമാണ് സൂരജ് തേലക്കാട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ ‘റോബോർട്ടി’ന്റെ വേഷത്തിലെത്തിയതും സൂരജ് ആയിരുന്നു.
ഹാസ്യ ടെലിവിഷന്‍ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കുട്ടി അഖില്‍ (അഖിൽ ബിഎസ് നായർ). പ്രീമിയർ പത്മിനി എന്ന സീരീസിലൂടെയാണ് കുട്ടി അഖിൽ ശ്രദ്ധ നേടിയത്.