ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘കുടുംബവിളക്ക്’. സീരിയലിലെ സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീര വാസുദേവാണ്. താരം ആദ്യമായി അഭിനയിക്കുന്ന സീരിയലും ‘കുടുംബവിളക്കാ’ണ്. കുടുംബജീവിത്തിലെ പ്രശ്‌നങ്ങളിൽ നിന്ന് കരകയറി സംരംഭകയാകുന്ന സുമിത്രയുടെ കഥയാണ് സീരിയൽ പറയുന്നത്.സുമിത്രയും മറ്റു കഥാപാത്രമായ രോഹിത്തും തമ്മിലുള്ള വിവാഹത്തിന്റെ പത്ര പരസ്യമാണ് ശ്രദ്ധ നേടുന്നത്.
മലയാള മനോരമയിലാണ് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇന്ന് വിവാഹിതരാകുന്നു എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിൽ ഇരുവരുടെയും ചിത്രവുമുണ്ട്. സീരിയലിന്റെ സംപ്രേഷണ സമയമായ 8 നു 8.30യ്ക്കു മധ്യേയാണ് മുഹൂർത്തമെന്നും കുറിക്കുന്നു.

കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ആശംസയും അറിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ പത്ര പരസ്യത്തിന്റെ ചിത്രം വൈറലാവുകയാണ്. ആരൊക്കെ കല്യാണത്തിന് പോകുന്നുണ്ട്, എന്ത് ഗിഫ്റ്റാണ് ദമ്പതികൾക്ക് കൊടുക്കുക തുടങ്ങിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സുനിൽ കരയാട്ടുക്കരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സീരിയലാണ് ‘കുടുംബവിളക്ക്’. കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്,ഷാജു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രോഹിത്ത് എന്ന കഥാപാത്രമായി വേഷമിടുന്നത് ഷാജുവാണ്.