കുടുംബ വിളക്ക് പരമ്പരയിൽനിന്നും പിന്മാറിയതായും ഇനി ശീതളായി താൻ ഉണ്ടാവില്ലെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി അമൃത നായർ ആരാധകരെ അറിയിച്ചത്. റേറ്റിങ്ങിലും കുടുംബ പ്രേക്ഷകർക്കിടയിലും ഏറെ മുന്നിൽനിന്നിരുന്ന സീരിയലിൽനിന്നും അമൃത പിന്മാറിയ വാർത്ത ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിന്റെ കാരണം ചോദിച്ച് നിരവധി പേർ താരത്തിനു കോൾ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു.
കുടുംബ വിളക്കിൽനിന്നും പിന്മാറിയതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അമൃത. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി ഇതിനെക്കുറിച്ച് വിശദീകരിച്ചത്. ”തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സീരിയലിൽനിന്നും പിന്മാറിയത്. ഞാൻ അഭിനയം നിർത്തി, എന്റെ കല്യാണമാണ്, എന്നെ ഒഴിവാക്കിയതാണ് എന്നിങ്ങനെ പലതരത്തിലുളള വാർത്തകളും പരക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. കുടുംബ വിളക്കിൽനിന്നും ഞാൻ സ്വയം പിന്മാറിയതാണ്. അതെന്റെ വ്യക്തിപരമായ തീരുമാനമാണ്. ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമല്ലോ, അങ്ങനെ എടുത്തതാണ്. വിഷമത്തോടെയാണ് ആ തീരുമാനം എടുത്തത്,” അമൃത വ്യക്തമാക്കി.
അഭിനയം നിർത്തിയിട്ടില്ലെന്നും പുതിയ പ്രോജക്ടുകളുണ്ടെന്നും അമൃത പറഞ്ഞു. അതിനെക്കുറിച്ച് പതിയെ അറിയിക്കാം. പുതിയൊരു പ്രോജക്ടിന്റെ സെറ്റിൽനിന്നാണ് താൻ ഇപ്പോൾ സംസാരിക്കുന്നതെന്നും അമൃത പറഞ്ഞു. താൻ കുടുംബ വിളക്കിൽനിന്നും പിന്മാറിയിട്ടില്ലെന്ന് ചിലർ പറയുന്നു. അത് ശരിയല്ല, കുടുംബ വിളക്കിലേക്ക് താൻ ഇനിയില്ലെന്നും അമൃത വ്യക്തമാക്കി.
കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായർ. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. കുടുംബ വിളക്കിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിരുന്നു.
Read More: കുടുംബ വിളക്കിൽനിന്നും പിന്മാറി, ശീതളായി ഇനിയില്ല; വിഷമത്തോടെ വിവരം അറിയിച്ച് അമൃത നായർ