കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലിൽ നിന്നും ഒഴിവാക്കി. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷ്മിയ്ക്ക് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. തങ്ങളുടെ മകളുടെ മരണത്തിൽ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാർ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ലക്ഷ്മിയെ സീരിയലിൽ നിന്നും ഒഴിവാക്കിയെന്നും മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പൗർണമിത്തിങ്കൾ’ എന്ന സീരിയലിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു വരികയായിരുന്നു ലക്ഷ്മി.

lakshmi pramod, lakshmi pramod serial actress, lakshmi pramod Pookkalam Varavayi, lakshmi pramod Pournamithinkal

സെപ്റ്റംബർ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് റംസിയെ ഒഴിവാക്കാൻ ശ്രമിക്കുകയും അതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ലക്ഷ്മിയേയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ചോദ്യം ചെയ്തതിനു ശേഷം ലക്ഷ്മി ഒളിവിൽ പോവുകയും സെപ്റ്റംബർ 15ന് കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.

മരിച്ച റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി ടിക്‌ടോക് വീഡിയോകൾ ചെയ്യുകയും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലക്ഷ്മിയിൽ നിന്നും കേസിന് നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുക്കൂട്ടൽ.

Read more: റംസിയുടെ മരണം: ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി

പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത ‘മുകേഷ് കഥകൾ’ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തിയത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരികയായും ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു. സീരിയലിൽ അഭിനയിക്കും മുൻപെ പരസ്യചിത്രങ്ങൾക്കു വേണ്ടി ഡബ്ബിംഗ് ആർട്ടിസ്റ്റായും ലക്ഷ്മി ജോലി ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘പരസ്പരം’ എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ‘പൗർണമിത്തിങ്കൾ’, സീ കേരളത്തിലെ ‘പൂക്കാലം വരവായ്’ എന്ന സീരിയലുകളിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് ലക്ഷ്മി വിവാദങ്ങളിൽ പെടുന്നത്.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയായത്. അസർ മുഹമ്മദാണ് ലക്ഷ്മിയുടെ ഭർത്താവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook