ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ സീരിയൽ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളെല്ലാം സജീവമായി തുടങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കൂടെവിടെ’ എന്ന പരമ്പരയുടെയും ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ലോക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ‘കൂടെവിടെ’ താരം അൻഷിത അഞ്ജി. “ലോക്ക്ഡൗണിനു ശേഷം കണ്ടുമുട്ടിയ ഋഷി സാറും സൂര്യയും,” എന്നാണ് അൻഷിത കുറിക്കുന്നത്. നായകൻ ബിപിൻ ജോസിനെയും ചിത്രത്തിൽ കാണാം.
വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സീരിയലിലെ നായികാനായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനാണ് ബിപിന്‍ ജോസ്. അതേസമയം, കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.
സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം ലൈവിലെത്തിയ ബിപിൻ ജോസിനോടും അൻഷിതയോടും ആരാധകർ ചോദിച്ച ചോദ്യവും അതിന് ഇരുവരും നൽകിയ ഉത്തരവും ശ്രദ്ധ നേടിയിരുന്നു. നിങ്ങൾ തമ്മിൽ ലവ്വാണോ? എന്നായിരുന്നു ആരാധകരുടെ ചോദ്യം. “ഏയ് ഇല്ലില്ല…. അതെല്ലാം സീരിയലിൽ,” എന്നാണ് ഇരുവരും ചിരിയോടെ മറുപടി നൽകിയത്.
സൂര്യയെന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ പരമ്പരയുടെ പ്രമേയം. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. ‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്.