Koodathayi Serial: മലയാളക്കരയെ ഒന്നടക്കം പിടിച്ചുകുലുക്കിയ കൊലപാതകപരമ്പരയായിരുന്നു ‘കൂടത്തായി’. വർഷങ്ങളോളം കാത്തിരുന്ന്,ആർക്കും സംശയത്തിനിട നൽകാതെ ഒരു കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി പല കാലഘട്ടങ്ങളിലായി കൊന്ന ജോളി എന്ന കൊലയാളിയെ അമ്പരപ്പോടെയും ഭീതിയോടെയുമാണ് സമൂഹം നോക്കിയത്. കേരളം അടുത്തകാലത്ത് ഏറെ ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നാമ്പുറകഥകൾ ഇന്ന് മുതൽ മിനിസ്ക്രീനിലേക്ക്.
ഫ്ളവേഴ്സ് ചാനലിലാണ് ‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. എല്ലാ ദിവസവും രാത്രി 9:30 നാണ് സംപ്രേക്ഷണം. ഗിരീഷ് കോന്നിയാണ് സീരിയലിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കുന്നത് ഫ്ളവേഴ്സ് ചാനലിന്റെ എംഡിയായി ആർ ശ്രീകണ്ഠൻ നായരാണ്.
അതിനിടെ, കൂടത്തായി ഇതിവൃത്തമാക്കി സിനിമകളും സീരിയലുകളും നിർമ്മിക്കുന്നവരോട് ഇന്ന് ഹാജരാവാൻ കോഴിക്കോട് താമരശേരി മുൻസിഫ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ജോളിയുടെയും കൊല്ലപ്പെട്ട റോയിയുടെയും മക്കളായ റെമോ, റെനോൾഡ്, റോയിയുടെ സഹോദരി രൻജി വിൽസൺ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉടപെടൽ.
Read more: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
ആശിർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ, വാമോസ് പ്രൊഡക്ഷൻസ് ഉടമ ഡിനി ഡാനിയൽ, ഫ്‌ളവേഴ്സ് ടിവി തുടങ്ങിവരോടാണ് ഇന്ന് ഹാജരാവാൻ താമരശേരി മുൻസിഫ് കോടതി നിർദ്ദേശിച്ചത്. ഫ്ളവേഴ്സ് ചാനലിലെ പരമ്പരയെ കൂടാതെ, മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂരും വാമോസ് മീഡിയയും ഈ വിഷയത്തെ ആസ്പദമാക്കി സിനിമകളും അനൗൺസ് ചെയ്തിരുന്നു.
Read more: കൂടത്തായി കൊലപാതകം വെളളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ