കൊച്ചി: കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സീരിയൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായ മുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

സീരിയലിന്റെ പ്രമേയത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സാധാരണ പ്രേക്ഷകരിൽ സീരിയൽ കേസിനെക്കുറിച്ച് മുൻവിധിയുണ്ടാക്കുമെന്നും
വിചാരണയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സത്യസന്ധവും സുതാര്യവുമായ വിചാരണയ്ക്ക് പ്രതികൾക്കും പ്രോസിക്യൂഷനും അവകാശമുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. സീരിയൽ സുതാര്യമായ നീതി നടത്തിപ്പിലുള്ള കടന്നുകയറ്റമാണന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ബോധിപ്പിച്ചു.

കേസിൽ സംസ്ഥാന പൊലീസ് മേധാവി, ചാനലിന്റെ മാനേജിംഗ് ഡയറക്ടർ, സീരിയൽ സംവിധായകൻ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലന്നും സാക്ഷികളെ വേറൊരു തരത്തിൽ ചിത്രീകരിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണന്നും സാക്ഷികളുടെ സ്വകാര്യതയേയും വ്യക്തി ജീവിതത്തയും ഹനിക്കുകയാണന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലന്നും കീഴ്‌ക്കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സമയത്ത് സീരിയൽ സംപ്രേഷണം കേസിനെ തന്നെ ബാധിക്കുമെന്നും ചാനലിന്റെയും അണിയറ പ്രവർത്തകരുടേയും നടപടി കോടതി അലക്ഷ്യമാണന്നും ഹർജിയിൽ പറയുന്നു.

Read more: Koodathayi: ‘കൂടത്തായി’യിലെ ജോളിയായി മുക്തയുടെ ഗംഭീര തിരിച്ചുവരവ്

കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉൾപ്പെടെ നിര്‍മിക്കുന്ന സിനിമകൾക്കും ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിനുമെതിരെ താമരശേരി മുന്‍സിഫ് കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്.

ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമയും നടിയുമായ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കെതിരെ കൂടത്തായ് കേസിലെ മുഖ്യപ്രതി ജോളി തോമസിന്റെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ എന്നിവരാണു കോടതിയെ സമീപിച്ചത്. ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ച കോടതി നിര്‍മാതാക്കളോട് 25നു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook