Bigg Boss Malayalam Season 5: മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല ഉയരാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 26 ഞായറാഴ്ച ഏഴു മണിയ്ക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്. ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാണ് ഇത്തവണത്തെ സീസൺ. ‘ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും’ എന്നതാണ് ഈ സീസണിന്റെ ടാഗ് ലൈൻ.
നാലു ദിവസങ്ങളായി മത്സരാർത്ഥികളെ കുറിച്ച് സൂചനകൾ നൽകി കൊണ്ടുള്ള പോസ്റ്ററുകൾ പുറത്തുവിടുകയാണ് ഏഷ്യാനെറ്റ്. പുതിയ പോസ്റ്ററിൽ ഗായകനും കമ്പോസറും നടനുമായ ഒരാളും ഈ സീസണിലുണ്ട് എന്ന സൂചനയാണ് നൽകിയിരിക്കുന്നത്. “ഒരു കമ്പോസർ, ആക്ടർ, സിംഗർ ഇതെല്ലാമായ സകലകലാവല്ലഭൻ” എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന ക്ലൂ.

ആരായിരിക്കും ആ ഗായകനെന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ചെന്നു നിൽക്കുന്നത്, കൊല്ലം ഷാഫി, ഏഷ്യാനെറ്റിലെ സ്റ്റാർട് മ്യൂസിക്കിലെ ഡി ജെ സിബിൻ ബെഞ്ചമിൻ, പ്രേമത്തിലെ ശബരീഷ് വർമ്മ എന്നിവരിലാണ്. ഇവരിലാരെങ്കിലുമാണോ ആ മത്സരാർത്ഥി, അതോ ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളോ എന്നൊക്കെ അറിയാൻ മൂന്നു ദിവസങ്ങൾ കൂടി കാത്തിരിക്കാം.
നടൻ ഷിജു എആർ, ജിഷിൻ മോഹൻ, സംവിധായകരായ ഒമർ ലുലു, അഖിൽ മാരാർ, വൈബർ ഗേൾ ദേവു, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമല ഷാജി, വുഷു ചാമ്പ്യൻ അനിയൻ മിഥുൻ, ശോഭ വിശ്വനാഥൻ, തട്ടീം മുട്ടീം സീരിയലിലൂടെ ശ്രദ്ധ നേടിയ മനീഷ, വ്ളോഗർ ജുനൈസ് എന്നിവരുടെ പേരുകളാണ് നിലവിൽ സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്.