തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച അവതാരകൻ (വാർത്തേതര വിഭാഗം) ആയി വാവ സുരേഷിനെ തിരഞ്ഞെടുത്തു. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സ്നേക്ക് മാസ്റ്റർ’ എന്ന പരിപാടിയാണ് വാവ സുരേഷിനെ അവാർഡിന് അർഹനാക്കിയത്. അനായാസവും സ്വാഭാവികവുമായി അനുഭവ ആഖ്യാനമാണ് സുരേഷിന്റെ പ്രത്യേകത എന്ന് ജൂറി വിലയിരുത്തി.

മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുപാൽ (കഥാവിഭാഗം), ഓകെ ജോണി (കഥേതര വിഭാഗം), എ സഹദേവൻ (രചനവിഭാഗം) എന്നിവർ ജൂറികളായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പാമ്പുകളുടെ ഉറ്റതോഴനാണ് വാവ സുരേഷ്. ഏതു മൂര്‍ഖനും വാവ സുരേഷിന്റെ മുന്നില്‍ അനുസരണയോടെ തലതാഴ്ത്തി നില്‍ക്കും. പാമ്പുകളുടെ മനശാസ്ത്രം മനസിലാക്കിയ വാവ സുരേഷിന്റെ പാമ്പുപിടുത്തം കാണാന്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടം തന്നെ തടിച്ചുകൂടാറുണ്ട്. അതിസാഹസികമായി പാമ്പുകളെ പിടിക്കുകയും അവയെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വാവ സുരേഷിന് ഏറെ ആരാധകരുണ്ട്.

മുപ്പതു വര്‍ഷമായി ഈ രംഗത്തെ നിറസാന്നിധ്യമാണ് വാവ സുരേഷ്. പാമ്പുകളെ പിടിക്കുന്നതിനിടെ നിരവധി തവണ കടിയേൽക്കുകയും ആശുപത്രിയിലാവുകയും ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലധികം രാജവെമ്പാലകള്‍ ഉള്‍പ്പെടെ അമ്പത്തി രണ്ടായിരത്തോളം പാമ്പുകളെയാണ് വാവ സുരേഷ് ഇതുവരെ പിടിച്ചത്.

ഫാന്‍സിനോളം തന്നെ വിമര്‍ശകരും വാവ സുരേഷിനുണ്ട്. സുരേഷിന്റേത് അശാസ്ത്രീയമായ പാമ്പുപിടുത്ത രീതിയാണെന്ന രീതിയിലുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇടക്കാലത്ത് ആരോപണങ്ങളില്‍ മനസ് മടുത്ത് ഈ രംഗത്തുനിന്നു വിരമിക്കുകയാണെന്ന് വാവ സുരേഷ് പ്രഖ്യാപിച്ചിരുന്നു.

”പാമ്പ് പിടിക്കുന്നതില്‍ നിന്ന് എനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് ഇത് ചെയ്യുന്നത്. നിരവധി തവണ കടിയേറ്റു. എന്നിട്ടും ഏറ്റെടുത്ത ഉത്തരവാദിത്തത്തില്‍ നിന്നു പിന്മാറിയിട്ടില്ല. പക്ഷേ കരുതിക്കൂട്ടിയെന്ന രീതിയില്‍ തനിക്കെതിരെ ചിലര്‍ നടത്തുന്ന രൂക്ഷവിമര്‍ശനങ്ങള്‍ മനസ് മടുപ്പിക്കുന്നു,” എന്നാണ് അന്ന് വാവ സുരേഷ് പറഞ്ഞത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും തളര്‍ത്താനാവാത്ത ബന്ധമാണ് വാവ സുരേഷും പാമ്പുകളും തമ്മിലുള്ളത്.

Read Here: അടുക്കളയില്‍ എത്തിയ അതിഥിയെ പിടികൂടി വാവ സുരേഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook