ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസാണ് ‘കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര’. പൂര്‍ണമായും കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ക്രൈം സീരീസാണ് ഇത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരായ ലാലും അജു വര്‍ഗീസുമാണ് ‘കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര’യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി ഭാഷകളില്‍ ഈ വെബ് സീരിസ് ലഭ്യമാകും.
രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. തിരക്കഥ: ആഷിഖ് അയ്മര്‍, ഛായാഗ്രഹണം: ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം: ഹെഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ്: മഹേഷ് ഭുവനേന്ദര്‍.
ഒരു സംവിധായകനെ നിലയില്‍ വെബ് സീരീസുകളുടെ സമയം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നും, കഥാപാത്രങ്ങളുടെ വ്യത്യസ്ത മാനസികതലങ്ങള്‍ നിശ്ചിത സമയത്തില്‍ ചുരുക്കാതെ, കൂടുതല്‍ വിശദമായി അവതരിപ്പിച്ച് കഥ ആഴത്തില്‍ പറയാന്‍ സഹായിക്കുമെന്നും അഹമ്മദ് കബീര്‍ പറയുന്നു.
“ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ വെബ് സീരീസ് എന്ന നിലയില്‍ പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് കേരള ക്രൈം ഫയല്‍സ് ഒരുക്കിയിരിക്കുന്നത്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയല്‍സിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാണ്,” പ്രൊഡ്യൂസര്‍ രാഹുല്‍ റിജി നായര്‍ പറഞ്ഞു. ജൂൺ മാസം പകുതിയോടെ കേരള ക്രൈം ഫയൽ റിലീസിനെത്തും.