ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് കവിത നായർ നന്ദൻ ആണ്. കെ.കെ രാജീവിന്റെ ‘തോന്ന്യാക്ഷരങ്ങൾ’ എന്ന പരമ്പരയിലെ അഭിനയത്തിന്. ആൻസി വർഗീസ് എന്ന കഥാപാത്രത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും എഴുത്ത്, വായന, സാരിപ്രേമം എന്നിങ്ങനെയുള്ള ഇഷ്ടങ്ങളെ കുറിച്ചും കവിത ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പങ്കു വയ്ക്കുന്നു.
“തോന്ന്യാക്ഷരങ്ങൾ എന്ന സീരിയലും ആൻസി വർഗീസ് എന്ന കഥാപാത്രവും യഥാർഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തതാണ്. ഒരാൾ ജീവിച്ച കഠിനമായ ജീവിതമായിരുന്നു അത്. സൈബർ ആക്രമത്തിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് തോന്ന്യാക്ഷരങ്ങൾ. അതു കൊണ്ടു തന്നെ ഒരിക്കലും സന്തോഷത്തോടെയല്ല ഞാനാ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാരണം ഒരാൾ അനുഭവിച്ച ജീവിതമാണത്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് പലപ്പോഴും റിലേറ്റ് ചെയ്യാൻ പറ്റാറുണ്ട്. നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കൃത്യമായ നിയമങ്ങൾ ഇല്ല. ഉദാഹരണത്തിന് നിങ്ങളുടെ ഒരു ചിത്രം മോർഫ് ചെയ്യപ്പെടുന്നു എന്ന് വിചാരിക്കുക. അത് പരാതിപ്പെട്ടാൽ എത്രത്തോളം ക്രൈമാണ് എന്താണ് എന്നൊക്കെ പറഞ്ഞ് മനസിലാക്കിക്കൊടുക്കേണ്ടി വരും. ഒരു സ്ത്രീ എന്ന നിലയിൽ ആത്മാഭിമാനത്തിന് ഏൽക്കുന്ന വലിയ ആഘാതമാണിത്. അവരുടെ പല ദിവസങ്ങളുടേയും ഉറക്കം നഷ്ടപ്പെടും. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിലയ്ക്കും. എന്നാൽ ഇതിനു പുറകെ നടന്ന് വല്ല ഫലവും ഉണ്ടാകുമോ എന്ന് ചോദിച്ചാൽ അതും ഇല്ല. എന്നെ വ്യക്തിപരമായി ഒരുപാട് ബാധിച്ച കഥാപാത്രം കൂടിയാണ് ആൻസി.”
തോന്ന്യാക്ഷരങ്ങൾ
കെ.കെ രാജീവിന്റെ സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയാണ് കവിത നായർ. ‘അയലത്തെ സുന്ദരി,’ ‘വാടകയ്‌ക്കൊരു ഹൃദയം’ എന്നീ സീരിയലുകളിലും കവിത പ്രവർത്തിച്ചിട്ടുണ്ട്.
“ആർട്ടിസ്റ്റുകൾക്ക് ഒരുപാട് സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു സംവിധായകനാണ് രാജീവ് സർ. അഭിനയിക്കുമ്പോൾ സന്ദർഭം പറഞ്ഞു തന്നു കഴിഞ്ഞാൽ പിന്നെ അഭിനേതാക്കളെ അദ്ദേഹത്തിന് പൂർണ വിശ്വാസമാണ്. ഞങ്ങൾക്ക് സാറിനേയും സാറിന് ഞങ്ങളേയും അറിയാം. അദ്ദേഹം തരുന്ന സ്വാതന്ത്ര്യം ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. അദ്ദേഹം നമ്മളെ തിരുത്തുന്നത് പോലും അത്രയും ക്രിയേറ്റീവ് ആയാണ്. ഒരിക്കലും ആരേയും വ്യക്തിപരമായി കുറ്റപ്പെടുത്തില്ല. ‘ഞാൻ ചെയ്തത് തെറ്റായിപ്പോയി’ എന്ന് തോന്നാനുള്ള ഒരവസരം അദ്ദേഹം ആർക്കും നൽകാറില്ല. അദ്ദേഹത്തിനൊപ്പം മുൻപ് ജോലി ചെയ്ത അനുഭവവും പാഠങ്ങളും എനിക്ക് ഈ പ്രൊജക്ടിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യക്തിപരമായും തൊഴിൽപരമായും ഏറെ സംതൃപ്തി തന്ന സീരിയലാണ് ‘തോന്ന്യാക്ഷരങ്ങൾ.’ ഒരേസമയം എനിക്ക് ശക്തി നൽകിയിട്ടുമുണ്ട്, എന്നെ തളർത്തിയിട്ടുമുണ്ട്.”
സംസ്ഥാന പുരസ്കാരം താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും എന്നാൽ അപ്രതീക്ഷിതമായി ലഭിച്ച ഈ പുരസ്കാരത്തിൽ സന്തോഷിക്കാനാകുന്നില്ലെന്നും കവിത പറയുന്നു.
“അവാർഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ വേറെ ഏതെങ്കിലും സീരിയലിലെ മറ്റേതെങ്കിലും കഥാപാത്രത്തിന് അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ ഇതിനെക്കാൾ കൂടുതൽ സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്തേനെ എന്നു തോന്നുന്നു. കാരണം ഈ പ്രൊജക്ടിൽ എനിക്ക് ഒരുതരത്തിലുള്ള എൻജോയ്മെന്റും ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു വ്യക്തിയെ, ഒരു വിഷയത്തെ ഒക്കെ പ്രതിനിധീകരിക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ വളരെ പ്രസക്തമായൊരു പ്രൊജക്ടായിരുന്നു. ടിആർപിയുടെ ഒക്കെ പുറകെ ഓടിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരത്തിൽ ഒരു വിഷയം കൈകാര്യം ചെയ്യുക എന്നത് തന്നെ വളരെ വലിയൊരു റിസ്കും അവസരവുമാണ്.”
പൈസയല്ല ചെയ്യുന്ന ജോലിയാണ് കാര്യം
അഭിനയം വെറുമൊരു തൊഴിലോ വരുമാന മാർഗമോ അല്ല തനിക്കെന്ന് കവിത. അതു കൊണ്ടു തന്നെ ഒന്നിനു പുറകെ ഒന്നെന്ന വിധം സീരിയലോ സിനിമയോ ചെയ്യാറില്ല. വളരെ ആലോചിച്ചേ തിരഞ്ഞെടുപ്പുകൾ നടത്താറുള്ളൂ.
“പതിനാല് വർഷം മുൻപ് ഞാനെന്റെ ആദ്യ സീരിയൽ ചെയ്തിരുന്നതു പോലെയല്ല ഇപ്പോൾ. ഉള്ളടക്കത്തിൽ, സമയക്രമത്തിൽ, ചാനലുകളുടെ ഡിമാൻഡുകളിൽ എല്ലാം വ്യത്യാസം വന്നിട്ടുണ്ട്. ആറ് വർഷത്തോളം ബ്രേക്കെടുത്താണ് ഞാൻ തിരിച്ചു വന്നത്. ഞാൻ ചെറുതിലേ കണ്ടു കൊണ്ടിരുന്ന, ഇപ്പോഴും മനസിൽ നിൽക്കുന്ന സീരിയലുകളാണ് കെ.കെ രാജീവ് സാറിന്റേയും ശ്യാമപ്രസാദ് സാറിന്റേതുമെല്ലാം. ഇന്നും ടെലിവിഷൻ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം ഞാൻ കണ്ട സീരിയലുകളും ഇഷ്ടപ്പെട്ട സീരിയലുകളുമാണ്. എന്നാൽ ഇന്ന് പിടിച്ചു നിൽക്കാൻ അത്ര എളുപ്പമല്ല. ചാനലുകളുടെ നടത്തിപ്പ്, ടിആർപി റേറ്റിങ് എല്ലാം വിഷയങ്ങളാണ്. അതു കൊണ്ടു തന്നെ അതിനനുസരിച്ചുള്ള സീരിയലുകളും വേണം. ഇടയ്ക്ക് എന്റെ സ്ഥിരം വഴിയിൽ നിന്ന് മാറി നടക്കാനായി അത്തരം സീരിയലുകളും ഞാൻ ചെയ്യാറുണ്ട്. ഗ്രേ ഷെയ്ഡുള്ള ഒരു കഥാപാത്രം ഞാനിപ്പോൾ ചെയ്യുന്നുണ്ട്. ആ കഥാപാത്രം ഒരു രാഷ്ട്രീയ നേതാവാണ് എന്ന കാരണം കൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. കാരണം ചെറുപ്പം മുതൽ അത്തരം കഥാപാത്രങ്ങൾ എനിക്ക് ഇഷ്ടമാണ്. ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ എന്നെ ആകർഷിക്കുന്ന ഒരു ഘടകമെങ്കിലും അതിൽ ഉണ്ടായിരിക്കണം. അതല്ലെങ്കിൽ മടുത്തു പോകും. രാത്രി ഹോട്ടൽ റൂമിൽ കിടന്നുറങ്ങി, രാവിലെ എണീക്കുന്നു, ഡ്രൈവർ താഴെ വന്ന് വിളിക്കുന്നു, ലൊക്കേഷനിൽ പോയി ചിത്രീകരണവും കഴിഞ്ഞ് പാതിരാത്രി തിരിച്ചെത്തുമ്പോഴേക്കും തീരെ അവശതയാകും. ആ കഷ്ടപ്പാട് എന്തിനാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതു പോലുള്ള കഥാപാത്രങ്ങളാണ്. നാടകത്തിലായാലും സിനിമയിലായാലും സീരിയലിലായാലും നമുക്ക് അഭിനയിക്കാം. ഞാൻ ടെലിവിഷൻ തിരഞ്ഞെടുക്കാനുള്ള കാരണം എനിക്ക് നല്ല അവസരങ്ങൾ കിട്ടിയിട്ടുള്ളത് അവിടെയാണ് എന്നതു കൊണ്ടാണ്. സിനിമയിലോ നാടകത്തിലോ അത്തരം കഥാപാത്രങ്ങൾ കിട്ടിയാൽ ഞാൻ അങ്ങോട്ട് പോകും. എത്ര വിലപിടിപ്പുള്ള ക്യാമറയ്ക്ക് മുന്നിൽ ജോലി ചെയ്യുന്നു എന്നതിലല്ല, ആക്ഷനും കട്ടിനും ഇടയിലുള്ള സമയത്തിലാണ് കാര്യം. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരിക്കലും പൈസ സമ്പാദിക്കാനുള്ള ഒരു മാർഗം അല്ല. പൈസയ്ക്കാണെങ്കിൽ ഞാൻ മറ്റെന്തെങ്കിലും പഠിച്ച് വേറെ ജോലി ചെയ്തേനെ. സീരിയൽ പോലും തുടർച്ചയായി ചെയ്യാറില്ല. ഒരെണ്ണം കഴിഞ്ഞാൽ, ഒരു വലിയ ബ്രേക്ക് എടുത്തേ അടുത്തത് ചെയ്യൂ.”
‘അയലത്തെ സുന്ദരി’ എന്ന സീരിയലിന്റെ ക്ലൈമാക്സ് ഷൂട്ട് ദിവസം, ക്ലൈമാക്സാണെന്ന് മനസിലായി ഒരു നാല് പ്രൊഡക്ഷൻ ഹൌസുകളിൽ നിന്ന് എന്നെ വിളിച്ചു. അടുത്ത പ്രൊജക്ട് ചെയ്യുകയാണ്, കമ്മിറ്റ് ചെയ്യാമോ എന്ന് ചോദിച്ച്. എന്നെ സംബന്ധിച്ച് അതൊക്കെ വലിയ പ്രചോദനമാണ്. പക്ഷേ ഞാൻ അതിൽ ഒന്നു പോലും ചെയ്തില്ല, കാരണം എല്ലാം ഞാൻ മുൻപ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യമുള്ളതായിരുന്നു. അത് നമ്മൾ സാക്രിഫൈസ് ചെയ്യാൻ തയ്യാറായാൽ മാത്രമേ മറ്റൊരു ദിവസം നമുക്ക് സന്തോഷിക്കാൻ പറ്റൂ. അതിനിടയിൽ പല വേദനകളും ഉണ്ട്. നമ്മുടെ ബാങ്ക് ബാലൻസ് കുറയും. വൈകാരികമായി ചില തളർച്ചകൾ ഉണ്ടാകും. പക്ഷേ ചിലപ്പോഴെങ്കിലും നമ്മൾ തിരിച്ചറിയും, പൈസയല്ല ചെയ്യുന്ന ജോലിയാണ് കാര്യം എന്ന്.”
ചെക്കിനെക്കാൾ സംതൃപ്തി തരുന്ന ആരാധകരുടെ ചിരി
തിരഞ്ഞെടുപ്പിൽ അത്രത്തോളം നിഷ്കർഷ പാലിക്കുമ്പോഴും, ഇടവേളകളെടുത്തു മാത്രം സീരിയലുകളിൽ അഭിനയിക്കുമ്പോഴും ആരാധകർക്ക് കവിത പ്രിയപ്പെട്ടവളാണ്. ആ സ്നേഹവും അവർ നൽകാറുണ്ട്.
“അങ്ങനെ ഇടിച്ചു കയറി വന്ന് ആരും സംസാരിക്കാറില്ല. അങ്ങനെയുള്ള ആളുകളല്ല എന്നെ ഇഷ്ടപ്പെടുന്നതെന്ന് തോന്നുന്നു. ഒരിക്കൽ ബാംഗ്ലൂരിൽ ഞാനൊരു ഷോപ്പിങ് മാളിൽ പോയപ്പോൾ ഒരു സ്ത്രീ കുറേ സമയം എന്നെ പിന്തുടർന്നു. ഞാൻ എവിടെ പോയാലും അവരെന്റെ പുറകെ ഉണ്ടായിരുന്നു. ഒടുവിൽ തിരിഞ്ഞു നിന്ന് ഞാനവരെ എന്റെ അടുത്തേക്ക് വിളിച്ചു. അവർ വന്ന് എന്നോട് പറഞ്ഞു, സംസാരിക്കാനുള്ള ബുദ്ധിമുണ്ടു കൊണ്ടാണ് എന്നൊക്കെ. അതു കഴിഞ്ഞ് അവരുടെ കണ്ണൊക്കെ നിറഞ്ഞു വന്നു. വളരെ വൈകാരികമായാണ് അവരെന്നോട് സംസാരിച്ചത്. കണ്ട് സെൽഫിയെടുക്കാൻ വേണ്ടിയല്ലാതെ വരുന്ന ചില ആളുകളുണ്ട്. നമ്മളോട് സംസാരിക്കാൻ മാത്രമാണ് അവർക്ക് ആഗ്രഹം, നമ്മളെ അല്ല ആ കഥാപാത്രത്തെയാണ് അവർ ഇഷ്ടപ്പെടുന്നത്. അവരുടെ ഓരോ വാക്കിലും ഒരുപാട് സ്നേഹമുണ്ട്. ചിരിയിൽ പോലും ഉണ്ടത്. ഒരു ചെക്കിനെക്കാൾ സംതൃപ്തി തരുന്നത് അത്തരം ചിരികളാണ്.”
ഇഷ്ടങ്ങൾക്കൊപ്പം തന്നെ ഏറെ വിമർശനങ്ങൾക്ക് വിധേയമാകുകയും ബഹുമാനം കിട്ടാതിരിക്കുകയും ചെയ്യുന്ന ഒരു മേഖല കൂടിയാണ് സീരിയൽ എന്നും കവിത.
“സീരിയലിനെ വിമർശിക്കുന്ന ധാരാളം പുരുഷന്മാരുണ്ട്. പക്ഷേ സ്ത്രീകൾ മാത്രം ഇരുന്ന് കണ്ടല്ലല്ലോ ഇത്രയും ടിആർപി കിട്ടുന്നത്. സാമാന്യബോധത്തോടെ ചിന്തിച്ചാൽ മനസിലാകാവുന്നതേ ഉള്ളൂ അത്. നമുക്ക് ഇഷ്ടപ്പെടാത്ത ഒന്നിനോട് വിയോജിക്കാം. പക്ഷേ അത് മോശമാണെന്ന് പരസ്യമായി ആക്ഷേപിക്കാമോ? അവർ ക്രിക്കറ്റും ഫുട്ബോളും കാണുന്ന അതേ ആകാംക്ഷയോടെയാകും ആ വീട്ടിലെ സ്ത്രീകൾ സീരിയൽ കാണുന്നത്. ഒരു ദിവസത്തെ ജോലി മുഴുവൻ കഴിഞ്ഞ് അവർക്ക് കിട്ടുന്ന ഏക സന്തോഷം അതായിരിക്കും. ഒരു പ്രേക്ഷക എന്ന നിലയിൽ ഈ സീരിയലുകളെ കാണുമ്പോൾ, അവർ നൽകുന്നത് കാഴ്ചക്കാർ കാണാൻ ഇഷ്ടപ്പെടുന്നതാണ് എന്നു കൂടി എനിക്ക് തോന്നുന്നുണ്ട്. ശ്യാമപ്രസാദ് സാറൊക്കെ ചെയ്ത ക്ലാസിക് സീരിയലുകൾ നമുക്ക് മുന്നിലുണ്ട്. ഇന്നത്തെ എത്ര ചാനലുകൾ അത്തരം സീരിയലുകൾ നൽകാൻ തയ്യാറാകും എന്നറിയില്ല. നല്ല കണ്ടന്റുകൾ കൊടുത്ത് പ്രേക്ഷകരുടെ കാഴ്ചശീലവും ആസ്വാദന ശീലവും മാറ്റാൻ ചാനലുകളുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാകണം. എനിക്കറിയാവുന്ന ടെലിവിഷൻ മാനേജ്മെന്റുകളോട് ഞാൻ ഇക്കാര്യം പറയാറുണ്ട്. ഒന്നോ രണ്ടോ ടൈം സ്ലോട്ടുകളിൽ നല്ല കണ്ടന്റ് ഉള്ള സീരിയൽ കൊടുത്താൽ പ്രേക്ഷകർ തിരിച്ചു വരും. അവരുടെ ഇഷ്ടങ്ങളിൽ മാറ്റം വരും. സിനിമ പോലല്ല സീരിയൽ. സിനിമ നൂറ് ശതമാനവും എഴുത്തുകാരന്റേയും സംവിധായകന്റേയുമാണ്. പക്ഷേ സീരിയലിൽ പല തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകും. ചാനൽ മാനേജ്മെന്റിന് പൂർണ സ്വാതന്ത്ര്യമുണ്ട് മാറ്റം വരുത്താൻ. ”
അഭിനേതാവ് മാത്രമല്ല, എഴുത്തുകാരി കൂടിയാണ്
കവിത ഒരു അഭിനേതാവ് മാത്രമല്ല, എഴുത്തുകാരി കൂടിയാണ്. കവിത എഴുതിയ ‘സുന്ദരപതനങ്ങൾ’ എന്ന ചെറുകഥാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
“കഥകൾ ഇപ്പോഴും എഴുതുന്നുണ്ട്. കവിതകൾ കുറേക്കൂടി എളുപ്പമാണ് എന്നാണ് എനിക്ക് തോന്നയിട്ടുള്ളത്. ഇടയ്ക്ക് ഞാൻ രണ്ട് നോവലുകൾ എഴുതാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ എന്നെക്കൊണ്ട് പറ്റുന്ന പണിയല്ല എന്ന് മനസിലായപ്പോൾ നിർത്തി. ചെറുകഥകൾ എഴുതുന്നതാണ് ഞാൻ ആസ്വദിക്കുന്നത്. ഞാനൊരു മുഴുവൻ സമയ എഴുത്തുകാരിയല്ല, പല കാര്യങ്ങൾക്ക് ഇടയിലാണ് എഴുത്ത്. പക്ഷേ വായന കൂടിയിട്ടുണ്ട്. പത്മരാജൻ സാറിന്റെ കഥകളാണ് എനിക്കേറ്റവും ഇഷ്ടം. പല ആവൃത്തി വായിക്കാറുണ്ട് അദ്ദേഹത്തിന്റെ കഥകൾ.”
കവിതയുടെ എഴുത്തുകളിലും ബ്ലോഗുകളിലും നൊസ്റ്റാൾജിയ വളരെ പ്രകടമാണ്. കോട്ടയത്തെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, വിവാഹ ശേഷം ബെംഗളൂരു പോലുള്ള ഒരു മെട്രോ നഗരത്തിലേക്കുള്ള പറിച്ചു നടൽ അത്ര എളുപ്പമായിരുന്നില്ല.
“ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ഘട്ടത്തിൽ അതെന്റെ വിവാഹ ജീവിതത്തെ പോലും ബാധിച്ചു തുടങ്ങി. ഞാൻ പ്രതീക്ഷിച്ചതു പോലെ ഒരു ജീവിതം ആയിരുന്നില്ല ബാംഗ്ലൂരിലേത്. ഷൂട്ടിങ്ങിനൊക്കെ വരുമ്പോൾ ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. സ്ഥിരതാമസമാക്കിയപ്പോൾ എനിക്ക് ഒട്ടും ഇഷ്ടപ്പെടാൻ പറ്റാത്ത ഒരു ലൈഫായിരുന്നു. ഇടയ്ക്ക് നാട്ടിൽ പോകുമ്പോൾ സ്വർഗത്തിൽ എത്തിയതു പോലെ തോന്നും. പക്ഷെ ഭർത്താവ് ജനിച്ചതും വളർന്നതുമൊക്കെ ബാംഗ്ലൂർ ആയതുകൊണ്ട് അദ്ദേഹത്തെ അങ്ങോട്ട് പറിച്ചു നടൽ ഒട്ടും എളുപ്പമല്ല. മറ്റൊരു സ്ഥലവുമായി പൊരുത്തപ്പെടാൻ കുറേക്കൂടി എളുപ്പം എനിക്കായിരിക്കും എന്ന് തോന്നി. പതിയെ ഞാൻ പുറത്തിറങ്ങി എന്റേതായ ഇഷ്ടങ്ങളും താത്പര്യങ്ങളും കണ്ടെത്തി തുടങ്ങി. ചെറിയ കോഫീ ഷോപ്പുകളിലും ലൈബ്രറികളിലുമൊക്കെ കയറി ഇറങ്ങി. പിന്നെ ഞങ്ങൾ പുതിയ ഫ്ലാറ്റ് എടുത്തു. അവിടം ഒരു വീടാക്കി മാറ്റി. ബാൽക്കണിയിൽ പൂക്കളും ചെടികളുമൊക്കെ വച്ച് പിടിപ്പിച്ച് എന്റേതായൊരു ഇടം ഉണ്ടാക്കി. ഇപ്പോൾ എവിടെ പോയാലും ഇവിടെ ഓടിയെത്താൻ തോന്നും. എനിക്കീ വീട് മിസ് ചെയ്യും.”
കവിതയുടെ സാരിപ്രേമം
കവിതയുടെ സാരിപ്രേമവും ഏറെ പ്രശസ്തമാണ്. താൻ ജനിച്ചതു തന്നെ സാരിക്കുള്ളിലാണ് എന്ന് കരുതുന്ന പലർക്കും അറിയാത്തൊരു കാര്യവും കവിതയ്ക്ക് പറയാനുണ്ട്.
“ഞാൻ സാരിയുടുക്കുന്നത് എന്റെ അമ്മയ്ക്ക് ഇഷ്ടമേയല്ല. കാരണം, പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാൻ ടെലിവിഷനിലേക്ക് എത്തുന്നത്. അന്ന് മുതൽ എന്റെ വേഷം സാരിയായി. അതു കൊണ്ടു തന്നെ ഒരമ്മ എന്ന നിലയിൽ കുറേ വിലപിടിച്ച നിമിഷങ്ങൾ അമ്മയ്ക്ക് നഷ്ടമായിട്ടുണ്ട്. ഞാൻ ഫ്രോക്ക് ഇട്ട് നടക്കുന്നതോ പാവാടയും ബ്ലൌസുമിട്ട് നടക്കുന്നതോ ഒന്നും കാണാൻ അമ്മയ്ക്ക് അവസരം ഉണ്ടായിട്ടില്ല. ഇപ്പോൾ അമ്മയ്ക്ക് ഒറ്റ കണ്ടീഷനേ ഉള്ളൂ. അമ്മയുടെ അടുത്തെത്തുമ്പോൾ ഞാൻ സാരിയുടുക്കരുത്. ഫ്രോക്കും പാവാടയുമൊക്കെയാണ് വീട്ടിൽ എന്റെ വേഷം. എനിക്ക് കല്യാണം കഴിഞ്ഞ് കുട്ടികളായാലും അങ്ങനെ മതി എന്നാണ് അമ്മ പറയുന്നത്. എന്റെ ഭർത്താവിനും ഞാൻ സാരിയുടുക്കുന്നത് ബുദ്ധിമുട്ടാണ്. പുറത്തൊക്കെ പോകുമ്പോൾ അദ്ദേഹം ടി ഷർട്ടും ഷോർട്സുമാകും വേഷം. ഞാൻ സാരിയും. എന്റെ ഡ്രൈവറാണെന്ന് തോന്നും എന്നാണ് അദ്ദേഹത്തിന് പരാതി. ഞാൻ ജനിച്ചു വീണതേ സാരിക്കുള്ളിലാണ് എന്ന് കരുതുന്നവരോട് എന്റെ വീട്ടിലെ അവസ്ഥ ഇതൊക്കെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ എനിക്ക് എന്നെ കാണാൻ ഏറ്റവും ഇഷ്ടം സാരിയിലാണ്. വർഷങ്ങൾക്ക് ശേഷം കുറേ പ്രായമായി ഞാനെന്നെ സങ്കൽപ്പിക്കുമ്പോൾ എന്റെ രൂപം സാരിയിലാണ്. എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ വസ്ത്രം. എന്ന് വച്ച് മോഡേൺ വസ്ത്രങ്ങളോട് എനിക്കൊരു ഇഷ്ടക്കുറവും ഇല്ല.”
പല കാലങ്ങളിലായ ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് ചേക്കേറുന്ന തിരക്കിലായിരുന്നു കവിത. ഓരോ കഥാപാത്രത്തിന്റേയും ഒരു അംശം കൂടെ കൂട്ടുന്നുണ്ട് ഈ നായിക.
“ഓരോ സീരിയലും കഴിയുമ്പോൾ ആ കഥാപാത്രം ഉയോഗിച്ച കമ്മലും വളയും മാലയും ചെരിപ്പുമെല്ലാം ഞാൻ സൂക്ഷിച്ചു വയ്ക്കും. പിന്നെ ഓരോ കഥാപാത്രത്തിനും ഞാൻ ഓരോ മണം കണ്ടെത്തും. പല തരം പെഫ്യൂമുകൾ. അതൊന്നും ബ്രാൻഡഡോ വില കൂടിയതോ ആകില്ല. അതൊക്കെ ഓരോ കഥാപാത്രത്തിന്റെ മണങ്ങളാണ്. എന്നെയും ആ കഥാപാത്രത്തേയും വ്യത്യസ്തരാക്കുന്ന മണങ്ങൾ. ഇടയ്ക്ക് കഥാപാത്രങ്ങളെ മിസ് ചെയ്യുമ്പോൾ ഞാൻ ആ കമ്മലോ മാലയോ ഒക്കെ ധരിക്കും.”
Read More Interviews Here
- എല്ലാവരും കയറി വരരുത് എന്ന് ചിന്തിക്കുന്നവരുണ്ട് സിനിമയിൽ; ഷൈലജ പി. അമ്പു പറയുന്നു
- ഒരു സംഭവമായി തിരിച്ചു വരാം എന്നോർത്താണ് ഞാൻ ചെന്നൈയിലേക്ക് വണ്ടി കയറിയത്; സ്വാസികയുടെ കഥ