ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം കവർന്ന വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു കരിക്കിന്റെ വളർച്ച. ഇന്ന് എട്ടര മില്യണോളം സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. സോഷ്യൽ മീഡിയയിലെയും താരങ്ങളാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം.
കരിക്കിലെ ശ്രദ്ധ നേടിയ രണ്ടു താരങ്ങളുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഹോദരങ്ങൾ കൂടിയായ ഉണ്ണി മാത്യൂസിന്റെയും ആനന്ദ് മാത്യൂസിന്റെും കുട്ടിക്കാലചിത്രമാണ് ഇത്. ഇരുവരുടെയും പിതാവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് ആണ് മക്കളുടെ കുട്ടിക്കാലചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഉണ്ണിയുടെ ഭാര്യ റീനുവും കരിക്കിൽ അംഗമായിരുന്നു. ഏറെ ശ്രദ്ധ നേടിയ ‘ഫാമിലി പാക്ക്’ എപ്പിസോഡിൽ ബബിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റീനു സണ്ണിയായിരുന്നു. സണ്ണി ഡേ വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയാണ് റീനു.

ആ എപ്പിസോഡിൽ റീനുവിനും ഉണ്ണിയ്ക്കും പുറമെ ഇവരുടെ വീട്ടിലെ വളർത്തുനായ മൗഗ്ലിയും ഒരു കഥാപാത്രമായി എത്തിയിരുന്നു.