ഉപ്പും മുളകും എന്ന ഹാസ്യപരമ്പരയിലൂടെയാണ് ജൂഹി രുസ്തഗി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാവുന്നത്. പരമ്പരയിലെ ലച്ചുവെന്ന ജൂഹിയുടെ കഥാപാത്രത്തിന് ഇപ്പോഴും നിരവധി ആരാധകരാണ്. ഉപ്പും മുളകും സീരിയലിൽനിന്നും പിന്മാറിയ ജൂഹി വീണ്ടും അതേ ടീമിനൊപ്പം ഒന്നിച്ചിരിക്കുകയാണ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന എരിവും പുളിയും പരമ്പരയിൽ ജൂഹിയുമുണ്ട്.
ഉപ്പും മുളകും ടീം വീണ്ടും ഒന്നിക്കുമെന്ന് ഒരിക്കലും കരുതിയില്ല. എരിവും പുളിവും എന്ന പരമ്പരയിലേക്ക് വിളിച്ചപ്പോൾ തന്നെ ഓകെ പറഞ്ഞു. ഞങ്ങളൊരു ഫാമിലി അല്ലേ. കുറേ വർഷമായി ഒരുമിച്ച് അഭിനയിച്ചു. വീണ്ടും അതേ ടീം ഒന്നിച്ചപ്പോൾ സന്തോഷമായെന്ന് ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ ജൂഹി പറഞ്ഞു.
മേക്കപ്പിനോട് തനിക്ക് താൽപര്യം ഇല്ലെന്നും പുറത്ത് പോകുമ്പോൾ മേക്കപ്പ് ഇടാറില്ലെന്നും ജൂഹി പറഞ്ഞു. മേക്കപ്പ് ഇടാത്തതാണ് നല്ലതെന്നാണ് തന്നെ കാണുന്നവരും പറയുന്നതെന്ന് ജൂഹി വ്യക്തമാക്കി. മോശം കമന്റുകൾ തളർത്തിയിരുന്ന കാലം ഉണ്ടായിരുന്നതായും ജൂഹി പറഞ്ഞു. അന്നൊന്നും ഇത്ര മനക്കട്ടി ഇല്ലായിരുന്നു. ആദ്യമൊക്കെ കുറേ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ശീലമായെന്നും അതൊന്നും മൈൻഡ് ചെയ്യാറില്ലെന്നും ജൂഹി പറഞ്ഞു.
പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്.
Read More: കസവു സാരിയിൽ സുന്ദരിയായി ജൂഹി; ചിത്രങ്ങൾ