മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ജൂഹി രുസ്തഗി. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി. സീരിയലിൽ നിന്നും ജൂഹി പിന്മാറി എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏറെനാളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ, അഭ്യൂഹങ്ങൾ ശരിയാണെന്ന് ജൂഹി തന്നെ തുറന്നുപറയുകയാണ്.
‘ഉപ്പും മുളകും’ പരമ്പര ആയിരത്തിലേറെ എപ്പിസോഡുകൾ പിന്നിടുമ്പോഴാണ് സീരിയലിൽ നിന്നും ജൂഹി പിന്മാറിയിരിക്കുന്നത്. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറയുന്നത്. സീരിയൽ വിടുകയാണെന്നും അതേസമയം, സിനിമയിൽ നിന്നും ഓഫറുകൾ വന്നാൽ സ്വീകരിക്കുമെന്നും ജൂഹി പറഞ്ഞു.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം,” ജൂഹി പറയുന്നു.
Read more: പ്രണയം അവളിൽ എന്റെ വീട് കണ്ടെത്തിയപ്പോൾ; ജൂഹിയെ കുറിച്ച് കൂട്ടുകാരൻ
പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.