ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ജാസ്മിൻ എം മൂസ എന്ന വ്യക്തിത്വത്തെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ഷോയിലെ ഏറ്റവും കരുത്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിന് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചു.
ചില വ്യക്തിപരമായ കാര്യങ്ങളാൽ കുടുംബവുമായി പിരിഞ്ഞ് നിൽക്കുകയായിരുന്നു ജാസ്മിൻ. ഷോയിൽ മത്സരിക്കുന്ന സമയത്ത് പ്രശ്നങ്ങളെപ്പറ്റി ജാസ്മിൻ സംസാരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ജാസ്മിൻ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. “ഒടുവിൽ ഞാൻ എന്റെ കുടുംബത്തെ കണ്ടു” എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ‘ഇതൊരു നല്ല മുഹൂർത്തമാണ്’ എന്ന രീതിയിലുളള കമന്റുകൾ ചിത്രത്തിനു താഴെ നിറയുന്നുണ്ട്.ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന ആര്യ, അലക്സാണ്ട്ര, ഡിംപൽ, ഫുക്രൂ എന്നിവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.
സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും മാറ്റി നിർത്തപ്പെട്ട റോബിനെ ബിഗ് ബോസ് വീടിനകത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ജാസ്മിൻ ഷോ വിട്ടിറങ്ങിയത്.ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരാർത്ഥി സ്വന്തമിഷ്ടപ്രകാരം വാക്കൗട്ട് നടത്തിയിരിക്കുന്നത്. ആത്മാഭിമാനത്തിന് പ്രാധാന്യം നൽകികൊണ്ട് ധീരമായ നിലപാട് എടുത്ത ജാസ്മിനെ അഭിനന്ദിച്ചിരുന്നു സമൂഹമാധ്യമങ്ങൾ.