Bigg Boss Malayalam Season 4: കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും ജാസ്മിൻ എം മൂസ വാക്കൗട്ട് നടത്തിയത്. സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പുറത്ത് ഷോയിൽ നിന്നും മാറ്റി നിർത്തപ്പെട്ട റോബിനെ ബിഗ് ബോസ് വീടിനകത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ജാസ്മിൻ ഷോ വിട്ടിറങ്ങിയത്.
അതേസമയം, ബിഗ് ബോസ് വീട് വിട്ടിറങ്ങിയ ജാസ്മിനെ എതിരേൽക്കാൻ എയർപോർട്ടിലെത്തിയിരിക്കുകയാണ് നിമിഷ. നിമിഷയ്ക്കും തന്റെ വളർത്തുനായ സിയാലോയ്ക്കും ഗേൾഫ്രണ്ട് മോണിക്കയ്ക്കും ഒപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ജാസ്മിൻ ഇപ്പോൾ.


“എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും ആ ഇരയെ മോശമായി ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായും മാനസികമായും മാനസികമായും ക്ഷീണിതയാണ്”, എന്നാണ് കൺഫെഷൻ റൂമിലെത്തിയ ജാസ്മിൻ ബിഗ് ബോസിനോട് പറഞ്ഞത്.
“തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരിക,” എന്നായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. അതനുസരിച്ച് ജാസ്മിൻ ബിഗ് ബോസിൽ നിന്നും പടിയിറങ്ങുകയായിരുന്നു. “അങ്ങാടിയിൽ തോറ്റതിന് അമ്മയോട്” എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിച്ചട്ടിയും സ്വന്തം ചെടിച്ചട്ടിയും എറിഞ്ഞു പൊട്ടിച്ചു. പിന്നാലെ സ്മോക്കിംഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ട് സിനിമാ സ്റ്റൈലിലായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്.
ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരാർത്ഥി സ്വന്തമിഷ്ടപ്രകാരം വാക്കൗട്ട് നടത്തിയിരിക്കുന്നത്. ആത്മാഭിമാനത്തിന് പ്രാധാന്യം നൽകികൊണ്ട് ധീരമായ നിലപാട് എടുത്ത ജാസ്മിനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ.