വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. സിനിമയിൽനിന്നുമാണ് മൃദുല സീരിയലിലേക്ക് എത്തുന്നത്. അഭിനയ രംഗത്ത് 10 വർഷം പൂർത്തിയാക്കുകയാണ് മൃദുല. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും യുവയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മൃദുല വിജയ് സംസാരിക്കുന്നു.
അഭിനയ ജീവിതം 10 വർഷം പൂർത്തിയായി, മൃദുലയ്ക്ക് പറയാനുള്ളത്?
10 വർഷമായെന്നത് എനിക്ക് അറിയില്ലായിരുന്നു. ഫാൻസുകാർ വീഡിയോകളും പോസ്റ്റും ഇട്ടപ്പോഴാണ് ഞാൻ അറിയുന്നത്. സീരിയലിൽ വന്നിട്ട് 6 വർഷമേ ആവുന്നുള്ളൂ. അതിനു മുൻപ് സിനിമകളും ഷോർട്ട് ഫിലിമുകളും ചെയ്തിരുന്നു. ഫാൻസ് ഗ്രൂപ്പുകളിലെ വീഡിയോകളൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
മൃദുല ഇതുവരെ ചെയ്തവയിൽ ഏറെ ഇഷ്ടം തോന്നിയ കഥാപാത്രം ഏത്?
ചെയ്തവയെല്ലാം ഇഷ്ടമാണ്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ‘കല്യാണസൗഗന്ധിക’ത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാനില്ലെങ്കിലും അതെന്റെ ആദ്യ സീരിയലാണ്. ‘കൃഷ്ണതുളസി’യിലെ അഭിനയത്തിലൂടെയാണ് ഞാൻ കൂടുതൽ ആരാധകരിലേക്ക് എത്തുന്നത്. ‘ഭാര്യ’ സീരിയലിൽ എന്റെ 21-ാം വയസിൽ 7 വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിച്ചു. ‘പൂക്കാലം വരവായി’ സീരിയലിൽ വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. ആ സീരിയലിലെ സംയുക്ത എന്ന കഥാപാത്രമാണ് എനിക്ക് കൂടുതൽ ആരാധകരെ തന്നത്. ‘തുമ്പപ്പൂ’വിൽ മേക്കപ്പൊന്നും ഉപയോഗിക്കാത്ത വളരെ വ്യത്യസ്തമായ കഥാപാത്രമാണ്.
ചിരിച്ച് എനർജറ്റിക്കായ മൃദുലയെയാണ് എപ്പോഴും കാണാറുള്ളത്, ശരിക്കും മൃദുല അങ്ങനെയാണോ?
ജീവിതത്തിലും ഞാൻ അങ്ങനെ തന്നെയാണ്. എപ്പോഴും ഇങ്ങനെ ചിരിച്ചുകൊണ്ടാണോ ഇരിക്കാറുള്ളതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, സങ്കടം വന്നാൽ ഞാൻ കരയും. ആരാണ് മുന്നിലുള്ളതെന്ന് നോക്കില്ല. ആരാണെങ്കിലും ഞാൻ കരയും. കരച്ചിൽ എനിക്ക് ഉള്ളിലടക്കാനാവില്ല. അതിപ്പോ പബ്ലിക്കിനു മുന്നിലാണെങ്കിലും ഞാൻ കരയും. സീരിയലിൽ അഭിനയിക്കുമ്പോൾ ചില സീനിൽ ശരിക്കും കരയാറുണ്ട്. ചിലപ്പോൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതാകുമത്. അപ്പോൾ ശരിക്കും ടേക്കിൽ കരയും. കട്ട് പറഞ്ഞാലും കരഞ്ഞിട്ട് ഏങ്ങൽ കൺട്രോൾ ചെയ്യാൻ പറ്റാറില്ല. അങ്ങനെ പലതവണ ഉണ്ടായിട്ടുണ്ട്.
സീരിയലിലേക്ക് എത്തിയത്?
സിനിമ തന്നെയാണ് ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഒരു അവാർഡ് സിനിമ ചെയ്യുന്ന സമയത്ത് കൂടെ വർക്ക് ചെയ്യുന്ന ഒരാൾ ഒരു സെൽഫിയെടുത്തു. എന്റെ മുഖവും അതിൽപെട്ടുപോയി. സീരിയലിലേക്ക് വിളിച്ചപ്പോൾ എനിക്ക് ആദ്യം ഇഷ്ടമുണ്ടായിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്ത ഫീൽഡായിരുന്നു അന്ന് സീരിയൽ. ഇപ്പോൾ സീരിയൽ രംഗത്ത് വന്നത് വളരെ നന്നായെന്നു തോന്നുന്നു.

തുമ്പപ്പൂവിലെ കഥാപാത്രത്തെക്കുറിച്ച്?
തുമ്പപ്പൂവിലെ കഥാപാത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് ആൾക്കാർക്കിടയിൽനിന്നും ലഭിക്കുന്നത്. എന്റെ ആക്ടിങ് കരിയറിലെ വളരെ നല്ലൊരു കഥാപാത്രമാണെന്നാണ് പലരും പറയുന്നത്. ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
യുവയെക്കുറിച്ച് മൃദുലയ്ക്ക് പറയാനുള്ളത്?
എപ്പോഴും പോസിറ്റീവാണ്. ഒരു കാര്യത്തിനും ‘നോ’ എന്നു പറയില്ല. എല്ലാ കാര്യവും സമ്മതിക്കും. നമ്മളെ ട്രീറ്റ് ചെയ്യുന്നത് നല്ല രീതിയിലാണ്. ഞങ്ങൾക്കിടയിൽ തർക്കങ്ങളൊന്നും ഉണ്ടാകാറില്ല. അങ്ങനെ ഉണ്ടായാലും സെക്കൻഡുകൾക്കുള്ളിൽ ഒരാൾ കോംപ്രമൈസ് ചെയ്യും. നമ്മൾ പറയുന്ന കാര്യം മനസിലാക്കുന്ന ഒരാളാണ്. പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരാളാണ്.
വിവാഹ ജീവിതവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടോ?
ബുദ്ധിമുട്ടാണ്. രണ്ടുപേർക്കും രണ്ടു സമയത്തായിരിക്കും ഷൂട്ടിങ്. പരസ്പരം കാണുന്നത് തന്നെ വളരെ കുറവാണ്.
യുവയിൽ മൃദുലയ്ക്ക് ഇഷ്ടപ്പെടാത്ത സ്വഭാവം എന്താണ്?
കുരുത്തക്കേട്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. നമ്മൾ പറയുന്നത് കേൾക്കില്ല. വീട്ടിലെ ഇളയ മോനാണ്. രണ്ടു ചേച്ചിമാരാണ്. ഇവർ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. ഇളയ മോനായതുകൊണ്ടു തന്നെ ആൾക്ക് ഇത്തിരി കുറുമ്പ് കൂടുതലാണ്.
ആദ്യം ദേഷ്യം വരുന്നത് ആർക്ക്?
എനിക്കാണ് പെട്ടെന്ന് ദേഷ്യം വരിക. ആൾക്ക് ദേഷ്യമേ വരില്ല. ആദ്യം സോറി പറയുന്നത് യുവയാണ്.

സീരിയൽ അഭിനയ രംഗത്ത് തുടരാനാണോ തീരുമാനം?
അതെ. സിനിമയിൽ നല്ല പ്രോജക്ട് വന്നാൽ ചെയ്യും. സീരിയൽ ആയാലും സിനിമ ആയാലും അഭിനയവുമായി മുന്നോട്ടു പോകണമെന്നു തന്നെയാണ് യുവയുടെ ആഗ്രഹം. അതിൽ യാതൊരു തടസ്സവുമില്ല.
യുവയും മൃദുലയും ഒന്നിച്ചുള്ളൊരു സീരിയൽ പ്രതീക്ഷിക്കാമോ?
രണ്ടുപേരും ഒന്നിച്ചുള്ളൊരു പ്രോജക്ട് വന്നിരുന്നു. ചില കാരണങ്ങളാൽ അതിങ്ങനെ നീങ്ങി പോവുകയാണ്. എല്ലാം ഒത്തുവന്നാൽ രണ്ടുപേരെയും ഒന്നിച്ചൊരു സീരിയലിൽ കാണാനാകും.