Bigg Boss Malayalam Season 5: ട്വിസ്റ്റുകൾക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഒരിടമാണ് ബിഗ് ബോസ് വീട്. മത്സരാർത്ഥികൾ മാനസികമായും ശാരീരകമായും വൈകാരികമായുമൊക്കെ പരീക്ഷിക്കപ്പെടുന്ന ബിഗ് ബോസ് വീട്ടിൽ അപ്രതീക്ഷിതമായി എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അത്തരമൊരു ട്വിസ്റ്റിനാണ് ബിഗ് ബോസ് വീട് ഇപ്പോൾ സാക്ഷിയായിരിക്കുന്നത്.
ബുധനാഴ്ച രാത്രി മുതൽ അഖിൽ മാരാർ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് എന്ന രീതിയിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ജുനൈസിനെ തല്ലിയതിനെ തുടർന്നാണ് അഖിലിനെ ഷോയിൽ നിന്നും പുറത്താക്കിയത് എന്ന രീതിയിലായിരുന്നു വാർത്തകൾ വന്നു കൊണ്ടിരുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും ഉയരുന്ന അഭ്യൂഹങ്ങൾക്ക് ഇപ്പോൾ ഒരു വ്യക്തത കൈവന്നിരിക്കുകയാണ്.
എന്താണ് ബിഗ് ബോസ് വീട്ടിൽ സംഭവിക്കുന്നത്?
കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് വീട്ടിലേക്ക് മുൻ സീസണിലെ മത്സരാർത്ഥികളായ രജിത് കുമാറും റോബിൻ രാധാകൃഷ്ണനും അപ്രതീക്ഷിതമായി എത്തിച്ചേർന്നത്. ബിബി ഹോട്ടൽ ടാസ്കിൽ ഗസ്റ്റുകളായിട്ടാണ് രജിതും റോബിനും വീടിനകത്ത് എത്തിയത്. ഗസ്റ്റുകളെ പരമാവധി പ്രീതിപ്പെടുത്തി അവരുടെ കയ്യിൽ നിന്നും പാരിതോഷികമായി ഡോളർ കൈപ്പറ്റുക എന്നതാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്. വീടിനു പുറത്ത് റോബിനെ പലപ്പോഴും വിമർശിച്ചിട്ടുള്ള അഖിൽ മാരാറിന് റോബിന്റെ വരവ് ആദ്യഘട്ടത്തിൽ ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പുകോർത്തിട്ടുള്ള വ്യക്തികളാണ് റോബിനും അഖിലും.
ഹോട്ടൽ ടാസ്കിൽ ജുനൈസിന് ആയിരുന്നു മാനേജരുടെ റോൾ ലഭിച്ചത്. അഖിലിന് സെക്യൂരിറ്റി ജീവനക്കാരന്റെ ഡ്യൂട്ടിയായിരുന്നു. ടാസ്ക് മുന്നോട്ടു പോകവേ, വിയോജിപ്പുകൾ വരികയും ടാസ്ക് ക്വിറ്റ് ചെയ്ത് അഖിൽ മാറി നിൽക്കുകയും ചെയ്തു. എന്നാൽ, ബിബി ഹോട്ടൽ ടാസ്കിന്റെ രണ്ടാം ദിവസം അഖിൽ വീണ്ടും ടാസ്കിലേക്ക് തിരിച്ചുകയറുകയും ആക്റ്റീവ് ആയി ഇടപെടുകയും ചെയ്തിരുന്നു.
ടാസ്കിനിടെ റെനീഷയെ അഖിൽ കള്ളി എന്ന അധിക്ഷേപിച്ചതിൽ നിന്നും തുടങ്ങിയ വഴക്കാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ വലിയ ട്വിസ്റ്റുകൾക്ക് കാരണമായി മാറിയിരിക്കുന്നത്. ഗസ്റ്റുകൾ ഓരോ മത്സരാർത്ഥികൾക്കും അവരുടെ അതാതു ദിവസത്തെ പെർഫോമൻസിനു അനുസരിച്ച് ഡോളറുകൾ നൽകിയിരുന്നു. സെറീനയ്ക്കു ലഭിച്ച ഡോളർ സെറീന ബാത്ത് റൂം ഏരിയയിൽ മറന്നുവയ്ക്കുകയും അത് റെനീഷയുടെ കയ്യിലെത്തുകയും ചെയ്തു.
ടാസ്കിനൊടുവിൽ എല്ലാവരും അവർക്കു ലഭിച്ച ഡോളറുകൾ എണ്ണിതിട്ടപ്പെടുത്താൻ പറയുന്നതിനിടയിലാണ് റെനീഷ ആരോ മറന്നുവച്ച ഡോളർ തനിക്കു കിട്ടിയിട്ടുണ്ടെന്ന കാര്യം പറയുന്നത്. മറന്നു വച്ചത് മത്സരാർത്ഥിയുടെ ശ്രദ്ധക്കുറവാണെന്ന് മാനേജരായ റിനോഷിനെ അറിയിച്ച് ഡോളർ ആ മത്സരാർത്ഥിയ്ക്ക് തന്നെ തിരികെ നൽകണം എന്നതായിരുന്നു റെനീഷയുടെ തീരുമാനം. എന്നാൽ ഡോളർ കിട്ടിയിട്ടും അതുവരെ ആരോടും പറയാതെ മിണ്ടാതെയിരുന്നു എന്നു ആരോപിച്ച് മാരാർ റെനീഷയെ കള്ളി എന്നു വിളിച്ചു. ഈ അധിക്ഷേപം റെനീഷയെ സങ്കടപ്പെടുത്തുകയും റെനീഷ കരയുകയും ചെയ്തു.
റെനീഷയെ കള്ളി എന്നു വിളിച്ച് അധിക്ഷേപിച്ച മാരാറിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അനിയൻ മിഥുൻ, റിനോഷ് എന്നിവരും രംഗത്തെത്തിയതാടെ പ്രശ്നം കൂടുതൽ സംഘർഷഭരിതമായി. കള്ളി എന്ന പേരാണ് ചാർത്തി കൊടുക്കുന്നത് എന്ന് ആലോചിക്കണമെന്ന് മിഥുൻ താക്കീത് നൽകുമ്പോൾ ‘പൈസ എടുത്തിട്ടുണ്ടെങ്കില്‍ കള്ളി എന്ന് തന്നെ വിളിക്കും’ എന്ന് പറഞ്ഞ് കയർക്കുന്ന മാരാരെ ആണ് വീഡിയോയിൽ കാണാനാവുക. വഴക്ക് വഷളായതോടെ അഖില്‍ മാരാര്‍ നിയന്ത്രണം വിട്ട് ജുനൈസിനെ തള്ളിമാറ്റി.
എല്ലാറ്റിനും സാക്ഷിയായി ബിഗ് ബോസ് വീടിനകത്തുണ്ടായിരുന്ന റോബിൻ രാധാകൃഷ്ണൻ ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അഖിലിനോടുള്ള പഴയ പക മനസ്സിൽ വച്ചുകൊണ്ട് റോബിൻ എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ പ്രശ്നം വഷളാക്കാൻ ശ്രമിച്ചു. പ്രശ്നത്തിൽ ഇടപ്പെട്ട് ജുനൈസിനെ ഏഷണിക്കയറ്റി വിട്ടത് റോബിനായിരുന്നു. ‘ഫിസിക്കൽ അസോൾട്ട് എന്ന് പറഞ്ഞു കംപ്ലെയിന്റ് കൊടുത്ത് അഖിലിനെ പുറത്താക്കാൻ ബിഗ്‌ബോസിനോട് പറയ്, അല്ലെങ്കിൽ നീ ഇറങ്ങി പോവുമെന്നു പറയ്. അഖിൽ അങ്ങനെ തള്ളിയത് ശരിയല്ല ‘ എന്നാണ് റോബിൻ ജുനൈസിന്റെ ചെവിയിൽ പറഞ്ഞത്.
സംഭവത്തിനു ശേഷം ജുനൈസിനെയും മാരാരെയും ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാരാർ തല്ലിയതിൽ തനിക്കു പരാതിയുണ്ടെന്നും മാരാരെ പുറത്താക്കണമെന്നുമുള്ള വാശിയിൽ ജുനൈസ് ആദ്യം ഉറച്ചുനിന്നു. എന്നാൽ ബിഗ് ബോസ് ഇരുവരുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് പരസ്പരം കൈകൊടുത്ത് രമ്യതയിലെത്തി.
എന്നാൽ, താൻ പ്രതീക്ഷിച്ച പോലെ ബിഗ് ബോസിന്റെ ഭാഗത്തു നിന്നും അച്ചടക്ക നടപടികൾ ഉണ്ടായില്ലയെന്നത് റോബിനെ ചൊടിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു. വീടിനകത്ത് ബഹളം വച്ചും വെല്ലുവിളിച്ചും അലറിയുമാണ് റോബിൻ തന്റെ നിരാശ പ്രകടിപ്പിച്ചത്. “ഞാൻ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കിൽ മാരാരെയും കൊണ്ടേ പോകൂ,” എന്നൊക്കെയായിരുന്നു റോബിൻ്റെ വെല്ലുവിളി. വീടിനകത്തെ മത്സരാർത്ഥികളും റോബിന്റെ ഇത്തരത്തിലുള്ള ഷോയോട് അതൃപ്തി പ്രകടിപ്പിക്കുകയും വിമർശിക്കുകയും ചെയ്തു. നാലാം സീസണിൽ നിന്നും വന്ന് ഇവിടെയാരും ഷോ ഇറക്കേണ്ട എന്നായിരുന്നു വിഷ്ണു വിമർശിച്ചത്.
റോബിൻ്റെ വെല്ലുവിളി അതിരു കടന്നതോടെ ബിഗ്ബോസ് റോബിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്താണ് റോബിന്റെ പ്രശ്നം? എന്ന് തിരക്കി. “ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല, എന്റെ കൺമുന്നിൽ നടന്ന ഒരു സംഭവം പറയണമെന്ന് തോന്നി. സോറി,” എന്നായിരുന്നു റോബിന്റെ മറുപടി. “ഒരു സോറി പറഞ്ഞാൽ റോബിൻ ഇതുവരെ ഇതിനകത്തു പറഞ്ഞതെല്ലാം തീരുമോ? നിങ്ങൾ ഇത്രനേരം ചെയ്തതിന്റെ ഉദ്ദേശമെന്താണ്?” എന്ന് ബിഗ് ബോസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ “എനിക്ക് സംസാരിക്കണമെന്നില്ല,” എന്ന നിലപാടാണ് റോബിൻ സ്വീകരിച്ചത്.
“ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോൾ തന്നെ നിങ്ങളെ ഈ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ്,” എന്ന വാണിംഗോടെ കൺഫെഷൻ റൂമിൽ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു. എന്തായാലും മാരാരെ പുകച്ചു പുറത്തു ചാടിക്കുക എന്ന ഗെയിം പ്ലാൻ തകർന്നതിനൊപ്പം റോബിൻ രാധാകൃഷ്ണൻ വീണ്ടുമൊരിക്കൽ കൂടി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ നാലിൽ റിയാസ് സലിം എന്ന മത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ ഷോ വിട്ട് ഇറങ്ങേണ്ടി വന്ന മത്സരാർത്ഥി കൂടിയാണ് റോബിൻ. ബിഗ് ബോസ് പ്ലാറ്റ്‌ഫോം രണ്ടുതവണ ലഭിച്ചിട്ടും അവിടെ നിന്നും ഇത്തരത്തിൽ മടങ്ങേണ്ടി വന്ന റോബിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനങ്ങളും ട്രോളുകളും ഉയരുകയാണ്.