ഫ്‌ളവേഴ്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘സ്റ്റാര്‍ മാജിക്’ എന്ന പരിപാടിയിൽ നടൻ മോഹൻലാലിനെ ലാലപ്പനെന്ന് വിളിച്ചെന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ചാനൽ. പരമാര്‍ശം അറിയാതെ സംഭവിച്ചതാണെന്നും (Accidental Slip) മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ്‌ ചെയ്ത  പ്രസ്താവനയില്‍ അറിയിച്ചു. എന്നാൽ കേവലം ഒരു ഫേസ്ബുക്ക് പ്രസ്താവന കൊണ്ട് തങ്ങൾ​ തൃപ്തരാകില്ലെന്ന നിലപാടിലാണ് ആരാധകർ.

ലക്ഷക്കണക്കിന് ആളുകൾ കണ്ട പരിപാടി ആയതിനാൽ സോഷ്യൽ മീഡിയയിലൂടെ കേവലം ഒരു പ്രസ്താവന ഇറക്കിയാൽ തങ്ങൾ തൃപ്തരാകില്ലെന്ന നിലപാടിലാണ് ആരാധകർ. ‘പരിപാടിയിൽ അത് പറഞ്ഞയാളും അതിന് സ്ക്രിപ്റ്റ് എഴുതിയ ആളും അതിന്റെ അണിയറപ്രവർത്തകരും മുഴുവൻ പരിപാടിയിൽ വന്ന് മാപ്പ് പറയണം’ എന്നാണ് കമന്റ് ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരുടെയും ആവശ്യം. മോഹൻലാൽ ഇരിക്കുന്ന ഒരു വേദിയിലാണെങ്കിൽ ഇങ്ങനെയൊരു പരിപാടി അവതരിപ്പിക്കുമായിരുന്നോ എന്നും പലരും ചോദിക്കുന്നുണ്ട്.

എന്നാല്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്‌കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു. അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

‘അടുത്തിടെ ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡിൽ ഒരു ക്യാരക്ടർ സ്കിറ്റ് സമയത്ത് മോഹൻലാൽ സാറിനെ പരാമർശിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സ്കിറ്റിൽ പറഞ്ഞ ഡയലോഗുകൾ മോഹൻലാൽ സാറിന്റെ പ്രിയപ്പെട്ട ആരാധകരുടെ പലരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഫ്ളവേഴ്സ് ടിവിയിൽ ഞങ്ങളെല്ലാവരും മോഹൻലാൽ സാറിന്റേയും അദ്ദേഹം ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകളുടെയും ആരാധകരാണെന്ന് ഔദ്യോഗികമായി പറയാൻ ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തട്ടെ.

എപ്പിസോഡിൽ അസ്വസ്ഥരാകുകയും വികാരങ്ങൾ വ്രണപ്പെടുകയും ചെയ്ത എല്ലാവരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്, ഫ്ലവേഴ്സ് ടോപ്പ് സിംഗർ (ഓണം എപ്പിസോഡ്) തുടങ്ങി ഞങ്ങളുടെ എല്ലാ പരിപാടികളിലും മോഹൻലാൽ സർ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ഇത് ഞങ്ങളുടെ ഉദ്ദേശ്യമല്ലായിരുന്നു. ഞങ്ങൾ ഒരിക്കലും അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ അറിഞ്ഞു കൊണ്ട് അപമാനിക്കില്ല. ആകസ്മികമായി സംഭവിച്ച ഈ പിഴവിന് ഞങ്ങൾ വീണ്ടും ക്ഷമ ചോദിക്കുന്നു,’ നലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പറഞ്ഞു.

ഇന്നലെ രാത്രി വന്ന ഫ്ലവര്‍സിന്റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ താഴെ ഇതിനെ എതിർത്ത് കൊണ്ടുള്ള ഫാന്‍സിന്റെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.  മോഹന്‍ലാലോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഈ വിഷയത്തില്‍ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook