Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പതിനേഴ് മത്സരാർത്ഥികളുമായാണ് മത്സരം ആരംഭിച്ചത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് മത്സരാർത്ഥികൾ കൂടി ഹൗസിലെത്തിയെങ്കിലും അവരിൽ രണ്ടും പേർക്ക് ഹൗസിൽ നിന്ന് മടങ്ങേണ്ടി വന്നു. എവിക്ഷൻ പ്രക്രിയയിലൂടെ ആദ്യ പതിനേഴു പേരിൽ അഞ്ച് പേരും പുറത്തു പോയി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ലച്ചുവും ഹൗസിനോടു വിടപറഞ്ഞു. അങ്ങനെ അമ്പത് ദിവസങ്ങൾ പിന്നിട്ട് 13 മത്സരാർത്ഥികളാണ് ഹൗസിലിപ്പോഴുള്ളത്. മത്സരം കടുക്കുമ്പോൾ പുതിയൊരു ട്വിസ്റ്റുമായി എത്തുകയാണ് ബിഗ് ബോസ്.
തിങ്കളാഴ്ച്ച എപ്പിസോഡിനായി കാണിച്ച പ്രമോയാണ് പ്രേക്ഷകെ ഒരുപോലെ സംശയത്തിലും ആകാംക്ഷയിലുമാക്കിയത്. ‘അവർ വീണ്ടും എത്തുന്നു’ എന്ന അടികുറിപ്പ് നിറഞ്ഞ വീഡിയോയിൽ രണ്ടു പേരുടെ നിഴലുകൾ കാണാം. അത് രണ്ടും നാലും സീസണുകളിലെ മത്സരാർത്ഥികളായിരുന്ന രജിത്ത് കുമാറും ഡോ റോബിൻ രാധാകൃഷ്ണനുമല്ലേയെന്നാണ് പ്രേക്ഷകരുടെ സംശയം. റിയാസാണോ എന്ന സംശയവും ഉയരുന്നുണ്ട്.
റോബിനും രജിത്ത് കുമാറും ബിഗ് ബോസ് ഹൗസിൽ വീണ്ടുമെത്തുകയാണെങ്കിൽ അത് എന്തായാലും പൊളിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതാദ്യമായാണ് ബിഗ് ബോസ് മലയാളത്തിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു നീക്കമുണ്ടാകുന്നത്. മുൻപത്തെ സീസണുകളിലുള്ള മത്സരാർത്ഥികളൊന്നും ഇതുവരെ ഹൗസിലേക്ക് വീണ്ടുമെത്തിയ ചരിത്രമുണ്ടായിട്ടില്ല.
ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണുകളിലേക്കും വച്ച് ഏറ്റവും കൂടുതൽ ആരാധകവൃന്ദമുള്ള മത്സരാർത്ഥികളാണ് റോബിനും രജിത്ത് കുമാറും. മത്സരത്തിന്റെ വിജയികളാകാൻ സാധിക്കാതെ ഇടയ്ക്കു വച്ച് പുറത്താകേണ്ടി വന്നരാണ് ഇരുവരും. സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളകു പുരട്ടി എന്ന കാരണത്താലാണ് രജിത്ത് പുറത്താകുന്നത്. റിയാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നതിനെ തുടർന്നാണ് റോബിൻ ഹൗസിനോട് വിടപറഞ്ഞത്.