Bigg Boss Malayalam Season 4: കാത്തിരിപ്പിന് വിരാമം, ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയി ആവുന്നത്. സാബുമോൻ, മണിക്കുട്ടൻ എന്നിവരായിരുന്നു മുൻപുള്ള സീസണുകളിലെ വിജയികൾ.
പ്രവചനാതീതമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഫസ്റ്റ് റണ്ണറപ്പ് ആയി ബ്ലെസ്ലിയും സെക്കന്റ് റണ്ണറപ്പ് ആയി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു.
നാലാം സ്ഥാനം ലക്ഷ്മി പ്രിയയും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസും ആറാം സ്ഥാനം സൂരജും സ്വന്തമാക്കി. 20 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്.
Read more: Bigg Boss Malayalam Season 4 Finale LIVE updates: ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ ലൈവ്
പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, പ്രജോദ് കലാഭവൻ, നോബി , വീണ നായർ, ലാൽബാബു തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ്, കൺടെംപററി ഡാൻസുകൾ, ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ്, ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വർഗീസ് എന്നിവർ ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവയും ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി അരങ്ങേറി. കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഫിനാലെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.