ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥിയെന്ന വിശേഷണവും ദിൽഷയ്ക്ക് സ്വന്തം.
ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് ദിൽഷയും കുടുംബവും നേരിടേണ്ടി വന്നത്. ദിൽഷയ്ക്കും തങ്ങൾക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം ദിൽഷയുടെ സഹോദരിമാർ രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ, ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മഹാകാളിയായാണ് ദിൽഷ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. “അനീതിയെ ശുദ്ധീകരിക്കുന്ന എല്ലാം കാളിയാണ്. മാ കാളിയാവാനുള്ള ഒരു എളിയ വേഷപ്പകർച്ച,” എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് ദിൽഷ കുറിച്ചത്.
ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ തീം ഫോട്ടോഷൂട്ടിനു പിറകിൽ. “അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള പാതയല്ല. എന്നാൽ അവൾ ധീരയും ഭയമില്ലാത്തവളുമാണ്, ദുര്‍ഭൂതങ്ങളെ തകർക്കുന്ന കാര്യത്തിൽ അവളെയാർക്കും തടയാൻ കഴിയില്ല,” ചിത്രങ്ങൾ ഷെയർ ചെയ്ത് മഹാദേവൻ തമ്പി കുറിച്ചു.