മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ധന്യ മേരി വർഗീസ് വിവാഹിതയാകുന്നത്. സിനിമ സീരിയൽ താരമായ ജോണുമായുളള വിവാഹത്തോടെ താരം അഭിനയം വിട്ടു. വിവാഹശേഷം ഇരുവരും ഏറെ വിവാദങ്ങളിലും അകപ്പെട്ടു. രണ്ടു വർഷം മുൻപ് ധന്യയെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക്ശേഷം ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘സീതാകല്യാണം’ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ധന്യ. അടുത്തിടെ മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായ ‘ഒന്നും ഒന്നും മൂന്ന്’ പരിപാടിയിൽ അതിഥിയായി ധന്യയെത്തി. ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ധന്യ ഷോയിൽ വെളിപ്പെടുത്തി.
Read Also: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള
പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ജീവിതത്തിൽ ഓരോന്നു കടന്നു വന്നത്. ഒന്നുറങ്ങി എണീൽക്കുമ്പോഴേക്കും പ്രതീക്ഷിക്കാത്ത വലിയ പ്രശ്നങ്ങളാണ് വന്നത്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നത്. പക്ഷേ ഞങ്ങൾ പരസ്പരം ആ സമയം മനസിലാക്കി ഒരുമിച്ചുനിന്നുവെന്ന് ധന്യ പറഞ്ഞു.
വീട്ടുകാർക്കുപോലും ഞങ്ങൾ രണ്ടുപേരെയും മനസിലാക്കാനായില്ല. ഞങ്ങൾ ശരിക്കും ഒറ്റപ്പെട്ടു. ഞാൻ അദ്ദേഹത്തെ മനസിലാക്കി, അദ്ദേഹം എന്റെ വിഷമങ്ങളും മനസിലാക്കി. മറ്റാരെക്കാളും അദ്ദേഹത്തിന് പിന്തുണ കൊടുക്കാൻ എനിക്ക് സാധിച്ചു. ആ സമയം ഞങ്ങൾ രണ്ടുപേർ മാത്രമായി ചുരുങ്ങി. ഒരു നിമിഷമെങ്കിലും ഞങ്ങൾ രണ്ടുപേരും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും ധന്യ വെളിപ്പെടുത്തി.
അങ്ങനെയൊരു അവസ്ഥ അനുഭവിക്കുന്നത് അനുഗ്രഹമാണ്. നമ്മൾ കൂടുതൽ ശക്തരാകും. ജീവിതത്തിൽ ഒരിക്കലും കരയില്ല. ആ അവസ്ഥയൊക്കെ കഴിഞ്ഞു. ദൈവം നമ്മളെ തളർത്താൻ വേണ്ടി തരുന്ന ചെറിയ തിരിച്ചടികളാണ് ഇവയൊക്കെ എന്നാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നതെന്നും ധന്യ പറഞ്ഞു.
2007 ൽ പുറത്തിറങ്ങിയ ‘തലപ്പാവ്’ എന്ന സിനിമയിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെടുന്നത്. ‘വൈരം’, ‘റെഡ് ചില്ലീസ്’, ‘കേരള കഫെ’, ‘ദ്രോണ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.