ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ ദേവിക നമ്പ്യാറും സംഗീത സംവിധായകന്‍ വിജയ് മാധവും. 2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പാട്ട് വീഡിയോകളും കുക്കിംഗ് വീഡിയോയുമെല്ലാം ഷെയർ ചെയ്യാറുണ്ട് ഇരുവരും.
ദേവികയുടെ ഒൻപതാം മാസത്തിന്റെ ചടങ്ങിന്റെ വീഡിയോയാണ് വിജയ് ഇപ്പോൾ ഷെയർ ചെയ്‌തിരിക്കുന്നത്. “നായികയുടേത് ഒരു സർപ്രൈസ് കുടുംബം ആണെന്ന് തോന്നുന്നു, ഒൻപതാം മാസം ഒൻപതും പലഹാരവുമായി അച്ഛനും അമ്മയും മാമനും മാമിയും സർപ്രൈസ് എൻട്രി” എന്നാണ് വീഡിയോയ്ക്ക് താഴെ വിജയ് കുറിച്ചത്. ദേവികയ്ക്ക് മധുരം നൽകുന്ന കുടുംബാംഗങ്ങളെയും വീഡിയോയിൽ കാണാം.നിങ്ങൾ രണ്ടു പേരും ഭാഗ്യം ചെയ്‌തവരാണെന്നാണ് പോസ്റ്റിനു താഴെയുള്ള ആരാധക കമന്റുകൾ.
എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.