കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചതിനെ തുടർന്ന് വീട്ടിൽ ബോറടിച്ച് കഴിയുന്നവർക്കൊരു സന്തോഷവാർത്ത. നിർത്തിവച്ച സീരിയലുകളുടെ സംപ്രേഷണം പുനഃരാരംഭിച്ചു.

ഏഷ്യാനെറ്റിൽ ആസ്വാദകലക്ഷങ്ങൾ കാത്തിരുന്ന ജനപ്രിയപരമ്പരകളായ കണ്ണന്റെ രാധ വൈകീട്ട് 5 .30 നും 6 മണിക്ക് സഞ്ജീവനിയും രാത്രി 7 മണിക്ക് വാനമ്പാടിയും 7.30 നു പൗർണമിത്തിങ്കളും 8 നു സീതാകല്യാണവും 8.30 നു കസ്തൂരിമാനും പ്രേക്ഷകർക്കുമുന്നിൽ എത്തും.

മഴവില്‍ മനോരമയിലെ അഞ്ചു ജനപ്രിയ പരമ്പരകളുടെ സംപ്രേഷണവും പുനരാരംഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂവ്, ജീവിത നൗക, ചാക്കോയും മേരിയും, പ്രിയപ്പെട്ടവള്‍, തട്ടീം മുട്ടീം എന്നീ പരമ്പരകളാണ് മഴവില്‍ മനോരമയില്‍ വീണ്ടും സംപ്രേഷണം തുടങ്ങിയത്.

Read More: കെട്ടിപ്പിടിക്കരുത് ഉമ്മവയ്ക്കരുത്, മാസ്‌കും ഗ്ലൗസും നിര്‍ബന്ധം; സിനിമ, ടിവി ചിത്രീകരണ നിർദേശങ്ങൾ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. മാർച്ച് 17 ന് ചേർന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ലൊക്കേഷനിലെ സാങ്കേതിക വിദഗ്ധരുടെയും ആർട്ടിസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതു ഇടങ്ങളിലെ സീനുകളുടെ ചിത്രീകരണം ഒഴിവാക്കുക, സെറ്റുകളിൽ വേണ്ട സുരക്ഷാ മുൻകരുതലുകൾ എടുക്കുക തുടങ്ങിയ നിബന്ധനകളോടെ മാർച്ച് 19 ഓടെ എല്ലാ ടെലിവിഷൻ പരിപാടികളുടെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നും തീരുമാനമായിരുന്നു.

Read More: സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19

എന്നാൽ അതിനിടയിലാണ് സാഹചര്യം കൂടുതൽ സങ്കീർണമാവുകയും രാജ്യമൊന്നാകെ 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ടെലിവിഷൻ ഇൻഡസ്ട്രിയ്ക്കും കനത്ത തിരിച്ചടിയായി. റിയാലിറ്റി ഷോകൾ, പ്രതിവാര പരിപാടികൾ, സീരിയലുകൾ തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അനിശ്ചിതത്വത്തിലായിരുന്നു.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് ചിത്രീകരണം പുനരാരംഭിക്കുന്നത്. ചിത്രീകരണം പുനരാരംഭിക്കുമ്പോൾ നടപ്പിലാക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 37 പേജുള്ള “പുതിയ വർക്കിങ് പ്രോട്ടോക്കോളി”ൽ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയാണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

1. ഓരോ ക്രൂ അംഗവും ചിത്രീകരണ സമയത്ത് ഉടനീളം മൂന്ന് ലെയറുളള മെഡിക്കൽ മാസ്കും കയ്യുറകളും ധരിക്കണം.

2. ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങൾ നടത്തരുത്, ശാരീരിക അകലം പാലിക്കുക.

3. സെറ്റുകൾ / ഓഫീസുകൾ / സ്റ്റുഡിയോകൾ എന്നിവിടങ്ങളിൽ സിഗരറ്റ് പങ്കുവയ്ക്കുന്നത് നിർത്തണം

4. സഹപ്രവർത്തകർ തമ്മിലുള്ള 2 മീറ്റർ ദൂരം നിലനിർത്തണം.

5. 60 വയസ്സിനു മുകളിലുള്ള ക്രൂ, കാസ്റ്റ് അംഗങ്ങളെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക.
തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook