/indian-express-malayalam/media/media_files/2026/01/31/cj-roy-and-bigg-boss-star-aneesh-2026-01-31-12-14-31.jpg)
ബിഗ് ബോസ് താരം അനീഷിന് സി.ജെ റോയ് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ (ഫയൽ ഫോട്ടോ)
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ വിയോഗ വാർത്ത കേരളത്തെയാകെ ഞെട്ടിച്ചാണ് എത്തിയത്. വമ്പൻ റിയൽ എസ്റ്റേറ്റ് പ്രോജക്ടകൾക്കൊപ്പം ടെലിവിഷൻ പരിപാടികളിലെ സ്പോൺസർഷിപ്പ് സാന്നിധ്യമായി സാധാരണക്കാർക്കിടയിലും സുപരിചിതമായ മുഖമായിരുന്നു സി. ജെ റോയ്. അദ്ദേഹവുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെച്ച് എത്തിയവരിൽ ബിഗ് ബോസ് മലയാളം സീസൺ 7 ഫസ്റ്റ് റണ്ണറപ്പായ അനീഷും ഉണ്ട്. ബിഗ് ബോസിന് ശേഷം അനീഷിന് സി.ജെ റോയ് 10 ലക്ഷം രൂപ നൽകിയിരുന്നു.
"ഈ വാർത്ത അറിയുമ്പോൾ എനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കോടന്നൂർ എന്ന് പറയുന്ന സാധാരണ ഗ്രാമത്തിൽ നിന്നുള്ള എന്നെപ്പോലൊരാളെ ചേർത്ത് പിടിക്കാൻ അദ്ദേഹം കാണിച്ച ഒരു വലിയ മനസുണ്ട്. ആ വലിയ മനസ് ഞാൻ നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. അങ്ങനെ ഉള്ള ഒരാൾ, കേരളത്തിലെ ഇത്രയധികം പോപ്പുലർ ആയിട്ടുള്ള അല്ലെങ്കിൽ, എല്ലാവരും ആരാധിക്കുന്ന ഒരാൾ ഇങ്ങനെ ചെയ്തു എന്ന് അറിഞ്ഞത് ഏറെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു," ഏഷ്യാനെറ്റ് ന്യൂസിലൂടെ അനീഷ് പ്രതികരിച്ചത് ഇങ്ങനെ.
Also Read: റിയൽ എസ്‌റ്റേറ്റ് മുതൽ സിനിമ വരെ; ഞെട്ടിച്ച് സി.ജെ റോയ്‌യുടെ മരണം
"ബിഗ് ബോസ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ എന്നോട് എല്ലാവരും പറഞ്ഞത് ഞങ്ങളുടെ മനസിൽ അനീഷ് വിജയിക്കും എന്നായിരുന്നു. ഞങ്ങളെല്ലാവരും അനീഷിനാണ് വോട്ട് ചെയ്തത് എന്നെല്ലാമാണ്. ഇതെല്ലാം കേട്ടപ്പോൾ എനിക്കും വിഷമം ഉണ്ടായിരുന്നു. ഇത്രയധിധം ആളുകളുടെ പിന്തുണ ഉണ്ടായിട്ടും എനിക്ക് ജയിക്കാൻ സാധിച്ചില്ലല്ലോ എന്ന സങ്കടം ഉണ്ടായിരുന്നു. ഈ ഷോയ്ക്ക് വേണ്ടി പോകുമ്പോൾ എന്നെ അധികം ആർക്കും അറിയുന്നുണ്ടായില്ല. ബിഗ് ബോസിൽ ഇത്രയും ദിവസം നിൽക്കാൻ വേണ്ട ഡ്രസ് ആണെങ്കിലും മറ്റ് ഒരുക്കങ്ങളാണെങ്കിലും എനിക്ക് സ്വന്തം ചിലവിലാണ് ചെയ്യേണ്ടി വന്നത്. ഇത് ചെറിയൊരു സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് മേൽ ഉണ്ടാക്കിയിരുന്നു. മാത്രമല്ല രണ്ട് വർഷമായി ജോലിയിൽ നിന്ന് ലീവ് എടുത്ത് ഇരിക്കുകയുമായിരുന്നു ഞാൻ. അതുകൊണ്ട് ഫിനാൻഷ്യൽ സ്റ്റെബിളിറ്റി എനിക്ക് ഒട്ടും ഉണ്ടായിരുന്നില്ല."
Also Read: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ; റെയ്ഡിനിടെ സ്വയം വെടിയുതിർത്തെന്ന് റിപ്പോർട്ട്
"അങ്ങനെയുള്ള സമയത്ത് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് റോയ് സാർ എന്നെ വിളിച്ച് 10 ലക്ഷം രൂപ സന്തോഷത്തോടെ തരികയാണ് എന്ന് പറഞ്ഞത്. അങ്ങനെയൊരു വാക്ക് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം എന്ന് പറഞ്ഞാൽ അത് ഏറെ വലുതായിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ഈ വാർത്ത അറിഞ്ഞതിന് പിന്നാലെ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത്രമാത്രം മെൻഷൻസ് ആണ് എന്റെ ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടായത്. അപ്പോഴാണ് എനിക്ക് മനസിലായത് എന്നെപ്പോലെ നിരവധി മലയാളികൾ അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു എന്ന്," അനീഷ് പറഞ്ഞു.
Also Read: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്
ഗ്രാൻഡ് ഫിനാലെയ്ക്ക് ശേഷം ബിഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് അനീഷിന് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുകയായിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് അനീഷ് അന്ന് അതിന് നന്ദി പറഞ്ഞത്. അനീഷിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഇങ്ങനെയായിരുന്നു, "നിറഞ്ഞ ഹൃദയത്തോടെ, നിറഞ്ഞ സന്തോഷത്തോടെ കോൺഫിഡന്റ് ഗ്രൂപ്പിനും, പ്രിയപ്പെട്ട റോയ് സാറിനും നന്ദി പറയുകയാണ്. എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല എന്നതാണ് സത്യം. എന്നെപ്പോലെ ഒരാളെ ചേർത്തു പിടിച്ചതിനു റോയ് സാറിനു ഒരിക്കൽ കൂടി നന്ദി."
Read More: എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക; 10 ലക്ഷത്തിന്റെ ചെക്ക് ഏറ്റുവാങ്ങി അനീഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us