ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ശ്രുതി രജനീകാന്ത്. ഇന്ന് ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധ നേടുന്ന ശ്രുതി മിനിസ്ക്രീൻ പ്രേക്ഷകർക്ക് അവരുടെ സ്വന്തം പൈങ്കിളിയാണ്. ഓണക്കാലത്ത് തന്റെ വിശേഷങ്ങളും അഭിനയജീവിതത്തിലെ രസകരമായ അനുഭവങ്ങളുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ശ്രുതി.
അധികമാർക്കും അവകാശപ്പെടാനില്ലാത്ത രസകരമായൊരു തുടക്കത്തിന്റെ കഥ കൂടി പറയാനുണ്ട് ശ്രുതിയെന്ന അഭിനേത്രിയ്ക്ക്. ആദ്യത്തെ രണ്ടു പരമ്പരകളിലും ആൺവേഷത്തിലായിരുന്നു ശ്രുതി അഭിനയിച്ചത്.
“ഉണ്ണിക്കുട്ടൻ എന്ന സിറ്റ്കോമിലേക്ക് ഉണ്ണിക്കുട്ടന്റെ ചേച്ചിയായി അഭിനയിക്കാനായിരുന്നു എന്നെ വിളിച്ചത്. പക്ഷേ ലൊക്കേഷനിലെത്തിയപ്പോൾ ഉണ്ണിക്കുട്ടനായി അഭിനയിക്കേണ്ട കുട്ടി ഭയങ്കര കരച്ചിലും ബഹളവും. ഒടുവിൽ എന്റെ മുടിവെട്ടി, ആൺ കുട്ടികളുടേതു പോലുള്ള വേഷമൊക്കെ തന്ന് എന്നെ ഉണ്ണിക്കുട്ടനാക്കി മാറ്റി. ആ സീരിയലിൽ നടൻ അഗസ്റ്റിൻ അങ്കിളിന്റെ മകനായിട്ടായിരുന്നു എന്റെ അരങ്ങേറ്റം,” ശ്രുതി പറയുന്നു.

“പിന്നീട് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തൊരു സീരിയലിൽ സംഗീത മോഹന്റെ മകനായും അഭിനയിച്ചു. എട്ടു സുന്ദരികളും ഞാനും, കൽക്കട്ട ഹോസ്പിറ്റൽ എന്നിങ്ങനെ ആറോളം സീരിയലുകളിൽ ബാലതാരമായി. പഠനത്തിനായി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തതായിരുന്നു. എംഎ ഒക്കെ കഴിഞ്ഞ് ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ലോക്ക്ഡൗൺ വരുന്നത്. ആ സമയത്ത് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തും വീഡിയോസ് ഷെയർ ചെയ്തുമൊക്കെ ഇൻസ്റ്റഗ്രാമിൽ കറങ്ങി നടക്കുമ്പോഴാണ് ചക്കപ്പഴത്തിലേക്ക് വിളി വന്നത്,” അഭിനയത്തിലേക്ക് വീണ്ടുമെത്തിയതിനെ കുറിച്ച് ശ്രുതി.
എന്റെ ‘ചക്കപ്പഴം’ ഫാമിലി
‘ചക്കപ്പഴ’ത്തിലേക്ക് എത്തിയതോടെ ജീവിതമാകെ മാറി. ചക്കപ്പഴത്തിൽ എത്തും മുൻപ് ഞാനൊരു പരിധിവരെ ഉറക്കം പൈങ്കിളി തന്നെയായിരുന്നു. എണീക്കാ, ഭക്ഷണം കഴിക്കുക, വീണ്ടും ഉറങ്ങുക എന്നതായിരുന്നു ഏറെ കുറേ എന്റെ പതിവ്. എന്നെ അടുത്തറിയുന്ന കൂട്ടുകാരും ബന്ധുക്കളുമൊക്കെ പറയുമായിരുന്നു, നിനക്ക് അറിഞ്ഞ് തന്ന കഥാപാത്രമാണെന്ന്. പക്ഷേ ഇപ്പോൾ ഉറക്കം പൈങ്കിളി പറക്കും പൈങ്കിളിയായിട്ടുണ്ട് റിയൽ ലൈഫിൽ. ഞാൻ വളരെ വർക്ക് ഹോളിക് ആയൊരാളാണ്. ഇപ്പോൾ ഓടിനടന്ന് ജോലി ചെയ്യുകയാണ്. ഉറക്കമൊക്കെ അതിന്റെ വഴിയെ പോയി, ലൈഫ്സ്റ്റൈൽ തന്നെ മാറി.
ബാഗും തൂക്കി കുട്ടികൾക്കൊപ്പം ലൊക്കേഷനിലേക്ക്
ചോറ്റാനിക്കരയൊരു വീട്ടിലാണ് ‘ചക്കപ്പഴ’ത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. മാസത്തിൽ ഭൂരിഭാഗം ദിവസവും ഷൂട്ടുണ്ട്. ഞാനും അമ്മയും സീരിയലിലെ കുട്ടിപ്പടയും അവരുടെ ഫാമിലിയും എല്ലാം ലൊക്കേഷന് അടുത്തു തന്നെയുള്ള ഒരു വില്ലയിലാണ് താമസം. സ്കൂൾബസ്സ് വരും പോലെയാണ് രാവിലെ ലൊക്കേഷനിൽ നിന്നും വണ്ടിവരുന്നത്. ഞാനും പിള്ളേരും ബാഗും തോളിലിട്ട് ഇറങ്ങും. വൈകിട്ട് ഷൂട്ട് കഴിയുമ്പോൾ ഒന്നിച്ച് അതേ വണ്ടിയിൽ തന്നെ തിരിച്ചുവരും. ഇതെനിക്കിപ്പോൾ ഒരു കുടുംബം തന്നെയാണ്.

ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിംഗിലും ഞങ്ങൾക്കെല്ലാമിടയിൽ നല്ല ബോണ്ടിംഗ് ആണുള്ളത്. ‘ചക്കപ്പഴ’ത്തിൽ എന്റെ അച്ഛനും അമ്മയുമാകുന്ന സബീറ്റ ചേച്ചിയേയും അമലേട്ടനെയും ഞാൻ പപ്പ, മമ്മി എന്നാണ് വിളിക്കുന്നത്. ശ്രീകുമാറേട്ടനെ അതുപോലെ ചേട്ടാ എന്നും അശ്വതി ചേച്ചിയെ നാത്തൂ എന്നുമാണ് വിളിക്കുക. സുമേ സുമേ എന്ന് വിളിച്ച് സുമേഷിന്റെ ഒർജിനൽ പേരു തന്നെ മറന്നുപോയ കണക്കാണ്. സ്ക്രീനിൽ കാണുന്നതുപോലെ ഇടയ്ക്ക് അടിയും പിടിയുമൊക്കെയുള്ള രസകരമായ ഒരു കൂട്ടാണ് അവനുമായുള്ളത്.
ലൊക്കേഷനിൽ ഞങ്ങളെന്തെങ്കിലും കുറുമ്പു കാണിക്കുന്നതു കണ്ടാൽ സബീറ്റാമ്മ വഴക്കു പറയും, അച്ചമ്മ പിടിച്ച് നല്ല തല്ലുതരും. അച്ഛമ്മയുടെ ആദ്യത്തെ സീരിയലാണ് ‘ചക്കപ്പഴം’. അച്ചമ്മയ്ക്ക് ഇത് സീരിയലൊന്നുമില്ല, റിയാലിറ്റി എന്ന പോലെയാണ് ആള് എടുത്തേക്കുന്നത്. ചക്കപ്പഴത്തിന്റെ സംവിധായകൻ ഉണ്ണി സാറിന്റെ അമ്മയുടെ ചേച്ചിയാണ് അവർ. അച്ഛമ്മയുടെ ശരിക്കുള്ള പേര് എന്താണെന്നു ചോദിച്ചാൽ കുട്ടികളോട് ചോദിക്കുന്നതു പോലെയാണ്, അച്ഛമ്മയുടെ പേര് അച്ഛമ്മ, എന്നു പറയും. അതാ അവസ്ഥ, ശരിക്കുള്ള പേരുപോലും അറിയില്ല.
ചക്കപ്പഴത്തിലെ കുട്ടികളും എന്നെ അമ്മ, അപ്പച്ചി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ മകൻ കണ്ണനായി അഭിനയിക്കുന്ന റെയ്ഹാന് ഞാനവന്റെ അമ്മ തന്നെയാണ്. അവൻ വലുതാവുന്തോറും അറ്റാച്ച്മെന്റ് കൂടി വരുന്നുണ്ട്. എന്റെ അമ്മയെ അവൻ അമ്മൂമ്മ എന്നാണ് വിളിക്കുന്നത്. ഞാൻ ഫോട്ടോഷൂട്ടിനോ മറ്റോ രണ്ടു ദിവസത്തിൽ കൂടുതൽ മാറിനിന്നാൽ അവനെന്റെ അമ്മയെ വിളിച്ച് ചോദിക്കും, “അമ്മൂമ്മേ, അമ്മ എപ്പ വരും? എവിടെ പോയതാ?” എന്ന്.

കുഞ്ഞ് വാവയെ കാത്തിരിക്കുകയാണ് ഞങ്ങൾ
അശ്വതി ചേച്ചിയുടെ കുഞ്ഞ് വാവയെ കാണാനായി എക്സൈറ്റഡായി കാത്തിരിക്കുകയാണ് ഞങ്ങൾ, ഗേൾ ബേബിയാണോ ബോയ് ബേബിയാണോ വരിക എന്ന ആകാംക്ഷയിലാണ്. മുൻപ് വല്ലപ്പോഴും കാക്കനാട്ടെ ചേച്ചീടെ ഫ്ളാറ്റിൽ പോവുമായിരുന്നു. ഇപ്പോ പക്ഷേ, ലൊക്കേഷനിൽ നിന്നൊക്കെ ഞങ്ങൾ ഓടിചെന്ന് ചേച്ചിയ്ക്കും കുഞ്ഞുവാവയ്ക്കും അസുഖമൊന്നും ഉണ്ടാവേണ്ടല്ലോ എന്നോർത്ത് വീഡിയോ കോളിലാണ് കാണലും മിണ്ടലുമൊക്കെ. എല്ലാ ദിവസവും വീഡിയോ കോൾ ചെയ്യും.
എന്റെ ഓണപ്പാച്ചിൽ
ഓണത്തോട് അടുപ്പിച്ച് കുറേ ഷൂട്ടുകളുണ്ടായിരുന്നു. ഇത്രദിവസവും അതിന്റെ തിരക്കിലായിരുന്നു. ഓണത്തിനുമുൻപേ തുടങ്ങി എന്റെ ഉത്രാടപ്പാച്ചിൽ. അമ്പലപ്പുഴക്കാരിയാണെങ്കിലും ചക്കപ്പഴത്തിൽ വന്നതിൽ പിന്നെ ഷൂട്ടുമായി ബന്ധപ്പെട്ട് മാസത്തിൽ 24 ദിവസത്തോളം കൊച്ചിയിൽ തന്നെയാണ്. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിലാണ് മിക്കപ്പോഴും എന്റെ ഫോട്ടോഷൂട്ടുകളും സിനിമാ അഭിനയവുമൊക്കെ.അതുകൊണ്ട് വീട്ടിൽ പോവുന്നത് വല്ലപ്പോഴുമാണ്. തിരുവോണത്തിന് പക്ഷേ എന്തായാലും വീട്ടിലുണ്ടാവും.

വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനുമാണ് ഉള്ളത്. അച്ഛൻ കേബിൾ ഓപ്പറേറ്ററാണ്, അമ്മ ബ്യൂട്ടിഷനും. ‘ചക്കപ്പഴം’ തുടങ്ങിയതിൽ പിന്നെ അമ്മ എന്റെ സന്തതസഹചാരിയാണ്. അനിയൻ ബാംഗ്ലൂരിൽ പഠിക്കുന്നു.
കുഞ്ഞ് എൽദോ, പത്മ എന്നീ സിനിമകളിലും ഇതിനകം ശ്രുതി അഭിനയിച്ചുകഴിഞ്ഞു.ശ്രുതിയുടെ ചില ഫോട്ടോഷൂട്ടുകൾ കണ്ണിൽപ്പെട്ടിട്ടാണ് ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി മുഖേന അനൂപ് മേനോൻ പത്മയിലേക്ക് വിളിക്കുന്നത്. അൽപ്പം തമാശയൊക്കെയുള്ള രസകരമായൊരു കഥാപാത്രമാണ് പത്മയിലേത് എന്ന് ശ്രുതി പറയുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പത്മയുടെ ടീസറിൽ നിറഞ്ഞുനിന്നതും ശ്രുതിയായിരുന്നു.