പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ ചക്കപ്പഴം’. ഫ്‌ളവേഴ്‌സ് ടി വി യില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ചക്കപ്പഴം’ നിര്‍ത്തി എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഇഷ്ട കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അഭിനേതാക്കള്‍ പരമ്പരയില്‍ നിന്ന് വിട്ട് പോയത് ആരാധകരില്‍ നിരാശയും ഉണ്ടാക്കി. എന്നാൽ ഇപ്പോഴിതാ, പരമ്പരയുടെ രണ്ടാം സീസൺ വരികയാണ്.
ചക്കപ്പഴത്തിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽ രാജ് ദേവാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.
“പ്രിയപ്പെട്ടവരേ…
നിങ്ങളുടെ നീണ്ട കാത്തിരിപ്പുകൾക്കും നിരന്തരമായ അഭ്യർത്ഥനകൾക്കും ഫുൾ സ്റ്റോപ്പിട്ടു കൊണ്ട് ഞങ്ങൾ വീണ്ടും വരുന്നു.
ഞങ്ങളുടെ, അല്ല നിങ്ങളുടെ, ഛെ അതുമല്ല നമ്മുടെ പ്ലാവില തറവാട്ടിലേയ്ക്ക്. പഴയ ഞങ്ങളെല്ലാം പുതിയ ഊർജ്ജവും
ഉത്സാഹവുമായി… ഇതാ ഇന്നു മുതൽ ചക്കപ്പഴം സീസൺ 2 ഷൂട്ട് ആരംഭിക്കുന്നു. മുന്നെ കൂടിയ എല്ലാ പിന്നണിക്കാർക്കും, ഇപ്പം കൂടുന്ന പിന്നണിക്കാർക്കും ചങ്ക് പോലെ സ്നേഹം കൊടുത്ത് കൊണ്ട് കഥ തുടങ്ങട്ടെ !!!,” അമൽ രാജ് ദേവ് കുറിച്ചു.
ആര്‍ ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പരമ്പരയ്ക്ക് സ്‌ക്രിപ്പ്റ്റ് രചിച്ചത് ഷമീര്‍ ഖാന്‍ ആണ്. 231 എപ്പിസോഡുകള്‍ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് നേടിയത് ‘ചക്കപ്പഴ’ ത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ലഭിച്ചിരുന്നു.