‘ചക്കപ്പഴം’ സീരിയലിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് അമൽ രാജ് ദേവ്. മിനി സ്ക്രീൻ പരമ്പരകളിലും സിനിമകളിലും നാടകത്തിലുമൊക്കെ മുൻപും അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ചക്കപ്പഴം’ സീരിയലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ അമൽ രാജ് ദേവിനെ സുപരിചിതയാക്കിയത്.
ഇപ്പോഴിതാ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്കി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് അമൽ രാജ് ദേവ്. ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ അലിയുടെ സന്തത സഹചാരിയായ ഹമീദ് എന്ന കഥാപാത്രത്തെയാണ് അമൽ രാജ് ദേവ് അവതരിപ്പിക്കുന്നത്. ആദ്യാവസാനം സിനിമയിൽ നിറയുന്ന അമൽ രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.


സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ അമൽ രാജ് ദേവ്, സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായ ദിവ്യ ലക്ഷ്മിയാണ് അമലിന്റെ ഭാര്യ. ഇരുവരും ഒന്നിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രേമലേഖനത്തിന്റെ നാടകഭാഷ്യം ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.