/indian-express-malayalam/media/media_files/uploads/2021/11/aswathy-sreekanth.jpg)
ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെയാണ് അശ്വതിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കമല എന്നാണ് മകളുടെ പേര്. കുഞ്ഞ് ജനിച്ച് ഏറെ നാളുകൾക്കുശേഷവും ചക്കപ്പഴത്തിൽ അശ്വതിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ താരം ചക്കപ്പഴത്തിൽനിന്നും പിന്മാറിയോ എന്ന് ആരാധകർ സംശയിച്ചിരുന്നു.
ഇപ്പോഴിതാ, ചക്കപ്പഴത്തിലേക്ക് വരാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അശ്വതി. ''ചക്കപ്പഴത്തിൽ എന്നാണ് തിരിച്ച് വരികയെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. കുഞ്ഞു വാവയെയും കൊണ്ട് ദിവസവും ഷൂട്ടിങ് ലൊക്കേഷനിൽ പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പാലു മാത്രം കുടിക്കുന്ന പ്രായമായതുകൊണ്ട് മാറ്റി നിർത്താനും ആയിട്ടില്ലല്ലോ. അതൊക്കെയാണ് വൈകാനുള്ള കാരണം. എങ്കിലും എത്രയും പെട്ടെന്ന് വരും, സ്നേഹത്തിന് നന്ദി,'' ആരാധക ചോദ്യങ്ങൾക്ക് അശ്വതി നൽകിയ മറുപടിയാണിത്.
അവതാരകയെന്ന രീതിയിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണെങ്കിലും കുടുംബപ്രേക്ഷകർക്കിടയിൽ അശ്വതിയെ ഏറെ ശ്രദ്ധേയമാക്കിയ പരമ്പരയാണ് ചക്കപ്പഴം. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചക്കപ്പഴ’ത്തിൽ നിന്നും പിന്മാറുന്നതായി നടന്‍ ശ്രീകുമാർ അറിയിച്ചിരുന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. ‘നമസ്കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാൻ തുടരുന്നില്ല. എന്റെ കലാജീവിതത്തിൽ എന്നും നിങ്ങൾ തന്നു കൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതൽ വിശേഷങ്ങൾ വഴിയേ അറിയിക്കാം,’ ശ്രീകുമാര്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read More: മകൾക്ക് പേരിട്ട് അശ്വതിയും ശ്രീകാന്തും; നൂലുകെട്ട് ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.