Chakkapazham serial: ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ഹാസ്യ കുടുംബ പരമ്പരയിലൂടെ ശ്രദ്ധ നേടിയ അഭിനേതാക്കളാണ് ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയും. സീരിയലിൽ എപ്പോഴും വഴക്കടിക്കുന്ന സഹോദരിയും സഹോദരനുമായാണ് ഇരുവരും അഭിനയിക്കുന്നത്. പൈങ്കിളിയും സുമേഷുമൊക്കെയായി ഇഷ്ടം കവരുന്ന ഈ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഏറെ താൽപ്പര്യമാണ്.
ഇപ്പോഴിതാ, ഓഫ് സ്ക്രീനിലെ ഇരുവരുടെയും സൗഹൃദനിമിഷങ്ങൾ ഒരു വീഡിയോ ആയി പങ്കുവച്ചിരിക്കുകയാണ് ‘ചക്കപ്പഴ’ത്തിൽ ഇരുവരുടെയും അച്ഛനായി അഭിനയിക്കുന്ന അമൽ രാജ് ദേവ്. ശ്രുതിയുടെ മുടി ചീകി കൊടുക്കുകയും പുസ്തകം വായിച്ചുകൊടുക്കുകയും ചെയ്യുന്ന റാഫിയെ ആണ് വീഡിയോയിൽ കാണുക.
“ഓൺ സ്ക്രീനിൽ ചിലപ്പൊ തല്ലും, ബഹളം വയ്ക്കും. പരസ്പരം പാര വച്ചെന്നുമിരിക്കും. പക്ഷെ ശരിക്കും ഞങ്ങളിങ്ങനെയാ, അണിയിച്ചൊരുക്കിയും കഥകൾ പറഞ്ഞ് കൊടുത്തും… അങ്ങനെയങ്ങനെ,” എന്നാണ് വീഡിയോ ഷെയർ ചെയ്ത് അമൽ കുറിക്കുന്നത്.
അടുത്തിടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള ടെലിവിഷൻ പുരസ്കാരം റാഫി നേടിയിരുന്നു.
Read more: അടിച്ചു മോനേ സുമേ…; അവാർഡ് കിട്ടിയ റാഫിയെ കെട്ടിപിടിച്ചും ഉമ്മവച്ചും ചക്കപ്പഴം കുടുംബം; വീഡിയോ
നല്ലൊരു നർത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് സീരിയൽ രംഗത്തെത്തിയത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ ‘എട്ടു സുന്ദരികളും ഞാനും’ എന്ന പരമ്പരയിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫർ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയൽ കൂടിയായിരുന്നു അത്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ‘ചിലപ്പോൾ പെൺകുട്ടി’എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
Read more: പൈങ്കിളി എന്റെ ലൈഫ്സ്റ്റൈൽ തന്നെ മാറ്റി; ‘ചക്കപ്പഴം’ വിശേഷങ്ങളുമായി ശ്രുതി