ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും സുപരിചിതയായ താരമാണ് ചൈതന്യ പ്രകാശ്. വ്യത്യസ്തമായ റീല്‍സുകളിലൂടെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാന്‍ ചൈതന്യയ്ക്ക് കഴിഞ്ഞു. സ്റ്റാർ മാജിക്, വാനമ്പാടി തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെയും ചൈതന്യ ശ്രദ്ധ നേടി. വാസുദേവ് സനലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ ഹയ’ എന്ന ചിത്രത്തിലും ചൈതന്യ അഭിനയിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ ചൈതന്യ അനവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ചെയ്യാറുണ്ട്. ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിനോടൊപ്പമുളള ചൈതന്യയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റണ്‍ബീറിന്റെ പുതിയ ചിത്രമായ ‘ ഷംഷേര’ യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വീഡിയോ ചൈതന്യ ഇന്‍സ്റ്റഗ്രാമില്‍ മുൻപ് ഷെയര്‍ ചെയ്തിരുന്നു.
ഇപ്പോള്‍ റണ്‍ബീറിന് ഒപ്പം ‘ ബ്രമാസ്ത്ര’ എന്ന ചിത്രത്തിലെ ഗാനത്തിന് നൃത്തം ചെയ്യുന്ന ചൈതന്യയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘ ചിലരുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അത് ജീവിതക്കാലം മുഴുവന്‍ നോക്കിയിരിക്കാന്‍ തോന്നും, പക്ഷേ അതിന് ആലിയ സമ്മതിക്കില്ലലോ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ അനവധി ആരാധക കമന്റുകളുമുണ്ട്.
കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ‘ ഷംഷേര’. ജൂലൈ 22 ന് റിലീസിന് എത്തിയ ചിത്രത്തില്‍ സഞ്ജയ് ദത്ത്, വാണി കപൂര്‍ എന്നിവര്‍ മറ്റു വേഷങ്ങള്‍ അവതരിപ്പിക്കുന്നു.