Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ 4 അഞ്ച് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികൾ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ ടാസ്കുകളും ഒക്കെയായി സംഭവബഹുലമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നത്. 17 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ ആകെ 14 മത്സരാർത്ഥികളാണ് ഉള്ളത്. മോഹൻലാൽ എത്തുന്ന ഇന്നത്തെ എവിക്ഷൻ എപ്പിസോഡിൽ ചില അപ്രതീക്ഷിത വിടവാങ്ങലുകൾ ബിഗ് ബോസ് വീട്ടിൽ നിന്നുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബിഗ് ബോസ് വീട്ടിലെ നാലാമത്തെ എവിക്ഷൻ ആണ് ഇന്ന് നടക്കുക. ആദ്യ ആഴ്ചയിൽ ജാനകി സുധീർ പുറത്തായപ്പോൾ രണ്ടാം ആഴ്ചയിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. നിമിഷ പുറത്തായതായി സഹമത്സരാർത്ഥികളെ അറിയിച്ച് സീക്രട്ട് റൂമിലേക്ക് അയച്ച് തിരിച്ചുകൊണ്ടുവരുകയാണ് ബിഗ് ബോസ് ചെയ്തത്. എന്നാൽ മൂന്നാം ആഴ്ചയിൽ ശാലിനി പുറത്താവുകയും ആദ്യ വൈൽഡ് കാർഡ് എൻട്രിയായി മണികണ്ഠൻ എത്തുകയും ചെയ്തു. നാലാം ആഴ്ചയിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം മണികണ്ഠൻ പടിയിറങ്ങുകയും അശ്വിൻ പുറത്താവുകയും ചെയ്തു. അതിന് പുറകെ ഈ ആഴ്ചയിലും രണ്ടു പേർ പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒമ്പത് മത്സരാർത്ഥികളാണ് ഇത്തവണ എവിക്ഷന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, അപർണ, ദിൽഷ, ജാസ്മിൻ, നവീൻ, ഡെയ്സി, റോൺസൺ എന്നിവരെയാണ് ലിസ്റ്റിൽ ഇടം നേടിയത്. ഇതിൽ കുറവ് വോട്ടുകൾ നേടിയ നവീൻ അറയ്ക്കലും ഡെയ്സിയും പുറത്താകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഈ സീസണിൽ ശ്രദ്ധനേടിയ രണ്ടു മത്സരാർത്ഥികൾ ആണ് ഇവരും. വന്ന് രണ്ടാമത്തെ ആഴ്ച ക്യാപ്റ്റനായി സഹമത്സരാർത്ഥികളുടെ കയ്യടി നേടിയ നവീന്റെ കഴിഞ്ഞ രണ്ട് ആഴ്ചയിലെ പ്രകടനം മോശമായി എന്നാണ് മത്സരാർത്ഥികൾ വിലയിരുത്തിയത്. നവീൻ ജയിൽ നോമിനേഷനിൽ വന്നതും ജയിലിൽ പോയതുമെല്ലാം വീട്ടിൽ ചില പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ജയിലിൽ നിന്ന് എത്തിയ നവീന്റെ മാനസികാവസ്ഥയിൽ സഹമത്സരാർഥികളിൽ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് പ്രേക്ഷകരുടെ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
അതേസമയം, ഈ സീസണിലെ ശക്തമായ മത്സരാർഥികളിൽ ഒരാളായി വിലയിരുത്തിയ ആളാണ് ഡെയ്സി ഡേവിഡ്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വാഴക്കുകളിൽ കഥാപാത്രമായിട്ടുള്ള ധാരാളം കണ്ടന്റുകൾ നൽകിയ ആൾ. എന്നാൽ ബിഗ് ബോസ് വീട്ടിലെ ഡെയ്സിയുടെ ചില നിലപാടലുകളും ബ്ലെസ്ലിയുമായുള്ള തർക്കങ്ങളും പല വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതാണ് വോട്ടുകൾ കുറയാനും ഇടയാക്കിയത് എന്നാണ് മനസിലാകുന്നത്.
ഈ രണ്ടു മത്സരാർത്ഥികളുടെ വിടവാങ്ങൽ ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവർക്ക് വലിയ ഞെട്ടലാകും എന്നത് തീർച്ചയാണ്. വരും ദിവസങ്ങളിൽ ചിലരെങ്കിലും കളി മാറ്റുന്നതിലേക്കും പല അപ്രതീക്ഷിത സംഭവങ്ങളിലേക്കും ഈ എവിക്ഷൻ ഫലം ബിഗ് ബോസ് വീടിനെ കൊണ്ടെത്തിച്ചേക്കും.
എന്തായാലും റിപ്പോർട്ടുകൾ ശരിയാണോ രണ്ടുപേർ തന്നെയാണോ അതോ ഒരാളോ പുറത്താകുന്നത് എന്നെല്ലാമറിയാൻ രാത്രി ഒമ്പത് മണിയ്ക്ക് വീക്കിലി എപ്പിസോഡുമായി മോഹൻലാൽ വരുന്നത് വരെ കാത്തിരിക്കണം.
Also Read: മത്സരാർത്ഥികൾക്കിടയിലെ മഞ്ഞുരുകുന്നു; റോബിനെ കെട്ടിപ്പിടിച്ച് ജാസ്മിൻ