ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.
അതിനിടയിൽ, കുറച്ചുമാസങ്ങളായി റോബിന്റെ പേരിനൊപ്പം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നായിരുന്നു റോബിൻ പറഞ്ഞത്.
എന്നാൽ ഇപ്പോൾ, ആ സൗഹൃദം വളർന്ന് പ്രണയത്തിലെത്തിയിരിക്കുന്നു എന്നു തുറന്നുപറയുകയാണ് റോബിൻ. അടുത്ത ഫെബ്രുവരിയിൽ ആരതിയുമായുള്ള വിവാഹം നടക്കുമെന്നും റോബിൻ പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന വേദിയിൽ വച്ചാണ് വിവാഹത്തെ കുറിച്ചും ഭാവിവധുവിനെ കുറിച്ചും റോബിൻ തുറന്നുപറഞ്ഞത്.
“പലരും പറയുന്നുണ്ട് എന്റെ എൻഗേജ്മെന്റ് കഴിഞ്ഞുവെന്ന്, എന്നാൽ ഇതുവരെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ? ആരതി പൊടി”, ആരാധകരോടായി റോബിൻ പറഞ്ഞതിങ്ങനെ.
കഴിഞ്ഞ ദിവസം പാതിരാത്രി ആരതിയുടെ സ്ഥാപനത്തിലെത്തി റോബിൻ സർപ്രൈസ് ഒരുക്കിയതിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഡിസൈനറും സംരഭകയും കൂടിയായ ആരതിയുടെ പൊടീസ് ബൊട്ടീക്കിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ ആണ് സർപ്രൈസുമായി റോബിൻ എത്തിയത്. ആരതി തന്നെയാണ് റോബിൻ പ്രൊഡക്ഷൻ യൂണിറ്റിലെത്തിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീലും റോബിൻ ഷെയർ ചെയ്തിരുന്നു.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.