ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് രമ്യ പണിക്കർ. അവതരണം, അഭിനയം എന്നീ മേഖലകളിലാണ് രമ്യ സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശ ചിത്രങ്ങളാണ് രമ്യ ഷെയർ ചെയ്തത്. “സ്നേഹവും സന്തോഷവും നല്ല ഓർമ്മകളും നിറഞ്ഞു നിൽക്കുമ്പോഴാണ് ഒരു വീട് കുടുംബമാകുന്നത്” എന്നാണ് രമ്യ ചിത്രങ്ങൾക്കു താഴെ കുറിച്ച അടികുറിപ്പ്.
രമ്യയുടെ കുടുംബാംഗങ്ങളെയും ചിത്രങ്ങളിൽ കാണാം. താരങ്ങളായ അരിസ്റ്റോ സുരേഷ്, മണിക്കുട്ടൻ, അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഗൃപ്രവേശത്തിന്റെ ഭാഗമായി പാലു കാച്ചുന്ന ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. തനിക്കേറെ വിശേഷപ്പെട്ട ദിവസത്തിൽ വളരെ കേരള തനിമ നിറഞ്ഞ വസ്ത്രമാണ് രമ്യ അണിഞ്ഞത്. മഞ്ഞ നിറത്തിലുള്ള സാരിയ്‌ക്കൊപ്പം മുല്ലപ്പൂവും അണിഞ്ഞ് രമ്യ സുന്ദരിയായിരിക്കുന്നെന്നാണ് ആരാധകർ പറയുന്നത്.
ബിഗ് ബോസിലൂടെ സുപരിചിതയായ രമ്യ വൈൽഡ് കാർഡ് എൻട്രിയായാണ് ഹൗസിലെത്തിയത്. പിന്നീട് മത്സരങ്ങളിലെല്ലാം സജീവമായ രമ്യ പെട്ടെന്നു തന്നെ പുറത്താക്കപ്പെടുകയും തുടർന്ന് വീണ്ടും ഹൗസിൽ പ്രവേശിക്കുകയും ചെയ്തു.
ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ചങ്ക്സ്’ ആണ് രമ്യയുടെ ശ്രദ്ധേമായ ചിത്രം. പിന്നീട് അവതരണ മേഖലയിൽ നിറഞ്ഞു നിന്ന രമ്യ ബിഗ് ബോസിനു ശേഷം സ്റ്റേജ് ഷോകളിലും സജീവമാണ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും രമ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
രതീഷ് രഘുനന്ദന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് രമ്യ അവസാനമായി അഭിനയിച്ചത്. ദിലീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് D148 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. തന്റെ പിറന്നാൾ ദിവസം ലൊക്കേഷനിൽ വച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങൾ രമ്യ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാൾ എന്നാണ് ചിത്രത്തിനൊപ്പം രമ്യ കുറിച്ചത്.