scorecardresearch

Bigg Boss Malayalam Season 5: അണ്ണൻ തമ്പി കളി മാറ്റിവച്ച്, മാരാർക്ക് എതിരെ നിന്നിരുന്നെങ്കിൽ വിജയിയാവേണ്ട മത്സരാർത്ഥി

Bigg Boss Malayalam Season 5: തനിയെ നിന്നു അഖിൽ മാരാർക്ക് എതിരെ കളിച്ചിരുന്നെങ്കിൽ ഒരുവേള ഈ സീസൺ മൊത്തത്തിൽ മാറ്റി മറിക്കാനും ജേതാവ് ആവാനും മാത്രം കാലിബർ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് 84-ാം ദിവസം ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്

Bigg Boss Malayalam Season 5: തനിയെ നിന്നു അഖിൽ മാരാർക്ക് എതിരെ കളിച്ചിരുന്നെങ്കിൽ ഒരുവേള ഈ സീസൺ മൊത്തത്തിൽ മാറ്റി മറിക്കാനും ജേതാവ് ആവാനും മാത്രം കാലിബർ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് 84-ാം ദിവസം ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്

author-image
Dhanya K Vilayil
New Update
Bigg Boss Malayalam, Bigg Boss, Akhil Marar

Bigg Boss Malayalam Season 5

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണിലെ തീർത്തും അപ്രതീക്ഷിതമായ എവിക്ഷനുകളിലൊന്നാണ് ഇന്ന് നടന്നത്. വിഷ്ണു ജോഷിയുടെ പടിയിറക്കം മാരാർ ഉൾപ്പെടെയുള്ള സഹമത്സരാർത്ഥികളെ മാത്രമല്ല, പ്രേക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ വിഷ്ണുവിനോളം ബിഗ് ബോസ് ഗെയിം മനസ്സിലാക്കി ആ ഹൗസിലേക്ക് പ്രവേശിച്ച മത്സരാർത്ഥികൾ ഉണ്ടോ എന്നത് സംശയമാണ്. പെർഫെക്റ്റ് ബിബി മെറ്റീരിയൽ എന്ന രീതിയിൽ ആദ്യം മുതൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ വിഷ്ണുവിന് സാധിച്ചു. ഫിസിക്കൽ ടാസ്കുകളിലും തന്ത്രപരമായി ഇടപെടേണ്ട ടാസ്കുകളിലും ഒരു പോലെ മികവു പുലർത്താനുള്ള പൊട്ടെൻഷ്യൽ വിഷ്ണുവിനു ഉണ്ടായിരുന്നു.

Advertisment

എന്നാൽ, അഖിൽ മാരാരുമായുള്ള കൂട്ടുക്കെട്ടാണ് വിഷ്ണു എന്ന മത്സരാർത്ഥിയ്ക്ക് മങ്ങൽ ഏൽപ്പിച്ചതെന്ന് പറയേണ്ടി വരും. അണ്ണൻ തമ്പി കോമ്പോയുമായി വിഷ്ണു അഖിൽ ടീമിൽ ചേർന്നതോടെ മാരാരുടെ നിഴലായി മാത്രമേ പിന്നീട് പ്രേക്ഷകർ വിഷ്ണുവിനെ കണ്ടതുള്ളൂ. പലപ്പോഴും ഗെയിമുകൾ മാരാർക്ക് വിട്ടുകൊടുത്ത് രണ്ടാം സ്ഥാനത്തേക്ക് മാറി നിൽക്കുന്ന വിഷ്ണു പ്രേക്ഷകരിൽ നിരാശ ജനിപ്പിച്ചു. എനിക്ക് മുട്ടാൻ ഇവിടെ എതിരാളിയില്ല, നീയൊക്കെ രണ്ടാം സ്ഥാനത്ത് എന്നു മാരാർ വെല്ലുവിളിക്കുമ്പോഴും മിണ്ടാതെ കേട്ടിരിക്കുന്ന വിഷ്ണുവിനെയാണ് പ്രേക്ഷകർ പലപ്പോഴും കണ്ടത്. കറക്കു കമ്പനി പോലുള്ള ചില ടാസ്കുകളിൽ ഗെയിം ചേഞ്ചറായി വിഷ്ണു പെർഫോം ചെയ്തപ്പോഴും ഫലത്തിൽ അതിന്റെ ക്രെഡിറ്റ് കൊണ്ടുപോയത് അഖിൽ മാരാർ തന്നെ.

അഖിലിന്റെ നിഴലായി നിൽക്കുന്നത് തന്റെ ഗെയിമിനു പ്രശ്നമാകുമെന്ന് മനസ്സിലായിട്ടും തിരുത്താൻ വിഷ്ണു തയ്യാറായില്ല എന്നതാണ് തിരിച്ചടികൾക്കു തുടക്കമിട്ടത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒമർ ലുലു, സൂപ്പർ ചലഞ്ചേഴ്സായി എത്തിയ മുൻ സീസണിലെ മത്സരാർത്ഥികൾ, ബിഗ് ബോസ് ഹൗസിലെത്തിയ മീഡിയ ടീം തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിട്ടും വിഷ്ണു അതിനെ മുഖവിലയ്ക്ക് എടുക്കുകയോ ഗെയിം പ്ലാൻ മാറ്റുകയോ ചെയ്തില്ല. അഖിലിന് നേർക്കുനേർ നിന്ന് ഗെയിം കളിക്കാനുള്ള ധൈര്യം ഒരിക്കലും വിഷ്ണു കാണിച്ചില്ല എന്നതു തന്നെയാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്.

Advertisment
Bigg Boss Malayalam Season 5, Bigg Boss Malayalam Season 5 updates, Bigg Boss Malayalam Season 5 latest news, Bigg Boss Malayalam Season 5 updates, Marar Vishnu Shiju breakup
Bigg Boss Malayalam Season 5

നടനാവുക എന്ന ആഗ്രഹത്തോടെ ബിഗ് ബോസ് ഷോയിലേക്ക് എത്തിയ വിഷ്ണു, ടാസ്കുകളുടെ ഭാഗമായി തനിക്കു കിട്ടിയ അവസരങ്ങളും കളഞ്ഞുകുളിക്കുന്നതാണ് കണ്ടത്. ബിബി ഹോട്ടൽ ടാസ്കിലൊക്കെ മോശം പ്രകടനം കാഴ്ച വച്ച വിഷ്ണുവിനെ ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മോഹൻലാൽ തിരുത്തിയിട്ടും ഫലം കണ്ടില്ല.

ഇടയ്ക്ക് അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പോയ മാരാർ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയതിനു ശേഷം, പുറത്തെ പൾസ് മനസ്സിലാക്കി നടത്തിയ ചില പരാമർശങ്ങൾ, പരോക്ഷമായി വിഷ്ണുവിനെയും സ്വാധീനിച്ചിരുന്നു. വോട്ട് ശതമാനം രേഖപ്പെടുത്തുന്ന ടാസ്കിൽ, 10 ശതമാനം വോട്ടുകൾ മാത്രം അവകാശപ്പെട്ട റിനോഷിനോട് 'നിനക്ക് അതിൽ കൂടുതൽ വോട്ടു കിട്ടുമെന്ന്' മാരാർ പറയുന്നതു കേട്ടതോടെ തന്റെ വോട്ട് ശതമാനം റിനോഷിനേക്കാൾ കുറച്ചു കാണിച്ച വിഷ്ണുവിനെ പ്രേക്ഷകർ ശ്രദ്ധിച്ചതാണ്. അവിടം മുതലാണ് റിനോഷിലേക്ക് വിഷ്ണുവിന്റെ ഫോക്കസ് മാറി തുടങ്ങുന്നത്.

കഴിഞ്ഞയാഴ്ച ബിഗ് ബോസ് വീട്ടിൽ നടന്ന വിഷ്ണു- റിനോഷ് വഴക്കുകളും ഈ എവിക്ഷനെ സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം. റിനോഷിനെ പ്രവോക്ക് ചെയ്യാനായി വിഷ്ണു എടുത്തിട്ട രണ്ടു വിഷയങ്ങളും വിഷ്ണുവിനു തന്നെ തിരിച്ചടിയായ കാഴ്ചയാണ് പിന്നെ കണ്ടത്. ഷോയിൽ നിന്നും പുറത്തായ ഒരു മത്സരാർത്ഥിയുടെ പേര് വിഷയത്തിലേക്ക് വലിച്ചിട്ടതും റിനോഷ് പറഞ്ഞ ഒരു തമാശയെ ഊതിപ്പെരുപ്പിച്ച് ഡ്രഗ്സ് പ്രമോട്ട് ചെയ്യുന്നു എന്ന രീതിയിലേക്ക് കൊണ്ടുവന്നതുമൊക്കെ ബുള്ളിയിങ് എന്നോ അപകീർത്തിപ്പെടുത്തൽ എന്നൊക്കെ വിളിക്കാവുന്ന രീതിയിലുള്ള ആരോപണങ്ങളായി മാറി. അഖിൽ അടക്കമുള്ള മത്സരാർത്ഥികളും ഇക്കാര്യത്തിൽ വിഷ്ണുവിനെ തള്ളി പറഞ്ഞു. മോഹൻലാലും പ്രേക്ഷകരിൽ നല്ലൊരു ശതമാനം ആളുകളും വിഷ്ണുവിന്റെ ഈ ആരോപണങ്ങളെ വിമർശിക്കുകയും ചെയ്തു.

Bigg Boss, Bigg Boss Malayalam, Rinosh
Bigg Boss Malayalam Season 5

ബിഗ് ബോസ് മത്സരാർത്ഥികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ. ബിഗ് ബോസ് എന്ന ഷോയെ ഇത്രയേറെ സ്നേഹിക്കുന്ന വിഷ്ണു ജോഷിയെ പോലെയൊരാൾ ആ ടാസ്കിലുടനീളം കാണിച്ച ഉദാസീനതയും ഉഴപ്പൻ സമീപനവും നല്ലൊരു ശതമാനം പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. തിരുത്തലുകൾ വരുത്തേണ്ടിടത്ത് അതിനു തയ്യാറാവാതെ, അമിത ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയതാണ് വിഷ്ണു ജോഷിയെന്ന മത്സരാർത്ഥിയുടെ പതനത്തിനു കാരണം. തനിയെ നിന്നു അഖിൽ മാരാർക്ക് എതിരെ കളിച്ചിരുന്നെങ്കിൽ ഒരുവേള ഈ സീസൺ മൊത്തത്തിൽ മാറ്റി മറിക്കാനും ജേതാവ് ആവാനും മാത്രം കാലിബർ ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് 84-ാം ദിവസം ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: