Bigg Boss Malayalam Season 5: അവൻ മാരാരുമായി തല്ലി പിരിയണം, എന്റെ വോട്ട് ജുനൈസിന്; വിഷ്ണുവിന്റെ അമ്മ പറയുന്നു
Bigg Boss Malayalam Season 5: ‘സ്വന്തം മകന്റെ തെറ്റ് തെറ്റാണ് എന്നു പറയാൻ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു’, വിഷ്ണുവിന്റെ അമ്മയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മികച്ചൊരു മത്സരാർത്ഥിയാണ് വിഷ്ണു ജോഷി. പെർഫെക്റ്റ് ബിഗ് ബോസ് മെറ്റീരിയൽ എന്നു പ്രേക്ഷകർക്കിടയിൽ നിന്നും പ്രശംസ നേടാനും വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അഖിൽ മാരാരോടും ഷിജുവിനോടുമുള്ള അമിതമായ വിധേയത്വവും ചങ്ങാത്തവും പലപ്പോഴും മികച്ച പെർഫോമൻസ് കാഴ്ച വച്ച് മുന്നോട്ടു പോവുന്നതിൽ നിന്നും വിഷ്ണുവിനെ പിൻതിരിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് വീടിനകത്തെ അഖിൽ മാരാർ- വിഷ്ണു ജോഷി- ഷിജു കൂട്ടുക്കെട്ട് മത്സരത്തിന്റെ പോരാട്ടവീര്യം കെടുത്തുന്നുവെന്ന വിമർശനം സഹമത്സരാർത്ഥികൾക്കിടയിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും പലപ്പോഴും ഉയർന്നിട്ടുള്ളതാണ്.
ഇപ്പോഴിതാ, ഈ കൂട്ടുക്കെട്ടിനെ കുറിച്ചും ബിഗ് ബോസ് വീട്ടിലെ വിഷ്ണുവിന്റെ പ്രകടനത്തെ കുറിച്ചും അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിഷ്ണുവിന് വീട്ടിലും അതേ ചൊറി സ്വഭാവം തന്നെയാണെന്നും മാരാരുമായി വിഷ്ണു തല്ലി പിരിഞ്ഞ് രണ്ടുപേരും തനിയെ ഗെയിം കളിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് വിഷ്ണുവിന്റെ അമ്മ പറയുന്നത്. അച്ഛനേയും അമ്മയേയും വരെ ഹേറ്റേഴ്സാക്കി മാറ്റിയവനാണ് വിഷ്ണുവെന്നും ബിബി ഹോട്ടൽ ടാസ്ക്കിൽ വിഷ്ണു പ്രവോക്ക് ചെയ്ത് കളിക്കുന്നത് കണ്ടപ്പോൾ ഇവനെന്താണ് കാണിയ്ക്കുന്നതെന്നായിരുന്നു അമ്മ ചോദിച്ചതെന്നും വിഷ്ണുവിന്റെ സഹോദരൻ പറയുന്നു. വൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണുവിന്റെ കുടുംബം.
ഏറെ മോഹിച്ചും കഷ്ടപ്പെട്ടുമാണ് വിഷ്ണു ബിഗ് ബോസിലെത്തിയത്. പക്ഷേ ബിബി ഹോട്ടൽ ടാസ്ക്കിൽ അടക്കം വിഷ്ണു ഉഴപ്പിയപ്പോൾ ദേഷ്യം വന്നുവെന്ന് അമ്മ പറയുന്നു. ‘ഹോട്ടൽ ടാസ്ക്കിൽ ഇവൻ എന്താണ് കാണിക്കുന്നതെന്ന് തോന്നി. ആ ടാസ്കിൽ ജുനൈസ് പുറത്താക്കിയശേഷം വിഷ്ണു കരയുന്നത് കണ്ടപ്പോൾ അവന് അത് ആവശ്യമാണെന്ന് തോന്നി. വിഷ്ണു മറ്റുള്ളവരെ കളിയാക്കാറുള്ളതല്ലേ. അവനും അപ്പോൾ ആ വിഷമം അറിയണം. വിഷ്ണുവിന് നല്ല ബുദ്ധി തലയിൽ ഉദിക്കട്ടെയെന്ന് പ്രാർഥിക്കുകയായിരുന്നു’, വിഷ്ണുവിന്റെ അമ്മയും സഹോദരനും പറയുന്നതിങ്ങനെ.
വിഷ്ണു കഴിഞ്ഞാൽ അമ്മയ്ക്ക് ഏറെയിഷ്ടമുള്ള മത്സരാർത്ഥിയാണ് ജുനൈസ് എന്നും വിഷ്ണുവിന്റെ സഹോദരൻ പറയുന്നു. “അമ്മയ്ക്ക് ജുനൈസിനെ ഇഷ്ടമാണ്. വിഷ്ണു നോമിനേഷനിൽ ഇല്ലാത്തപ്പോൾ അമ്മ ജുനൈസിന് വോട്ട് ചെയ്തിട്ടുണ്ട്. അമ്മ ജുനൈസിന്റെ പിആറാണ്,”എന്നാണ് വിഷ്ണുവിന്റെ സഹോദരൻ തമാശയായി പറയുന്നത്. വീടിനകത്ത് വിഷ്ണു എപ്പോഴും കളിയാക്കാറുള്ള മത്സരാർത്ഥിയാണ് ജുനൈസ് എന്നതാണ് ഇതിലെ മറ്റൊരു കൗതുകം.
വിഷ്ണുവിന്റെ അമ്മയുടെയും സഹോദരന്റെയും അഭിമുഖം ഇതിനകം തന്നെ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ‘വെറുമൊരു പ്രമോഷൻ വീഡിയോ ആക്കാതെ എല്ലാം സത്യസന്ധമായി പറഞ്ഞ ഈ കുടുംബത്തിനൊരു കയ്യടി’ എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ‘സ്വന്തം മകന്റെ തെറ്റ് തെറ്റാണ് എന്നു പറയാൻ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു’, എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന മറ്റൊരു കമന്റ്.