Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിലെ ഈ സീസണിലെ ഗെയിം ചേഞ്ചർ മത്സരാർത്ഥിയാര് എന്ന ചോദ്യത്തിന് വീടിനകത്തുള്ളവർക്കും പ്രേക്ഷകർക്കും ഒരു ഉത്തരമേ കാണൂ, അത് വിഷ്ണു ജോഷി എന്നാവും. കറക്കുകമ്പനി ടാസ്കിൽ ഉൾപ്പെടെ വിഷ്ണു നടത്തിയ നിർണായകമായ ചില മാറ്റങ്ങൾ ആ ഗെയിമിനെ മൊത്തത്തിൽ മാറ്റി മറിച്ചിട്ടുണ്ട്.
‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ടാസ്കായിരുന്നു ഈ ആഴ്ച ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. അവസാന റൗണ്ടിൽ ലഭിച്ച റാങ്കിംഗ് ടാസ്തിൽ നടന്ന ചില കാര്യങ്ങൾ വീടിനകത്തെ അടുത്ത കൂട്ടുകാരായ അഖിൽ മാരാർ-വിഷ്ണു- ഷിജു ടീമിനിടയിൽ വിള്ളലുകൾ വീഴാൻ കാരണമായിരുന്നു. തന്റെ ഗെയിം പ്ലാൻ മനസ്സിലാവാതെ വിഷ്ണു കളിച്ചുവെന്നും ചതിച്ചുവെന്നുമൊക്കെ മാരാർ ഷിജുവിനോടും അനുവിനോടും പരിഭവം പറയുകയും ചെയ്തിരുന്നു. റിനോഷിനെയും മിഥുനെയും വിഷ്ണു കാരണമില്ലാതെ പിന്തുണച്ച് അഖിലിനെ ക്യാപ്റ്റൻസിയിലേക്ക് വരാതെ തടഞ്ഞു എന്നായിരുന്നു അഖിലിന്റെ ആരോപണം.
എന്നാൽ, റാങ്കിംഗ് ഗെയിമിൽ എന്തുകൊണ്ടാണ് താൻ റിനോഷിനെയും മിഥുനെയും പിന്തുണച്ചതെന്നും അതിനു പിന്നിലെ ഗെയിം പ്ലാനും മാരാരോട് വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു. “ഞാൻ ഇന്നലെ കളിച്ചത് തനിക്ക് മനസ്സിലായില്ല കാരണം താൻ ഈ ഷോ ഒരു സീസൺ പോലും കണ്ടിട്ടില്ല. നിങ്ങൾ നല്ല ബുദ്ധിമാനും സ്പോർട്സ് പേഴ്സണും ഒക്കെ ആവും പക്ഷെ ഞാൻ ഈ ഷോ കൊല്ലങ്ങളായി ഇഷ്ടപ്പെട്ട് കണ്ടു വന്നതാണ്. ഇന്നലെ റാങ്കിങ് ടാസ്കിൽ ഒന്നും ചെയ്യാത്ത റിനോഷിനെയും മിഥുനെയും ഞാൻ ഒന്നും രണ്ടും സ്ഥാനം പറഞ്ഞപ്പോൾ വേഗം തന്നെ ഭൂരിപക്ഷം വോട്ട് ചെയ്ത് നിർത്തി. ടാസ്ക് കഴിഞ്ഞ് ഈ വീട്ടിൽ തന്നെ പലരും ചോദിക്കുന്നത് കണ്ടു, എന്ത് യോഗ്യത ആണ് അവർക്ക് ആ റാങ്കിന് ഉള്ളത് എന്ന്. ഇതേ ചോദ്യം പുറത്തു പ്രേക്ഷകർ ചോദിക്കും. നിങ്ങൾ ഈ താൽക്കാലികമായ ക്യാപ്റ്റൻസി ഒക്കെ നോക്കി വിഷമിക്കാതെ 100 ദിവസത്തെ കളി കളിക്ക്,” വിഷ്ണുവിന്റെ വാക്കുകളിങ്ങനെ.
ഗെയിമിനകത്ത് മറ്റാരും ചിന്തിക്കാത്ത രീതിയിൽ തന്ത്രങ്ങൾ മെനയുന്ന വിഷ്ണു, താനൊരു ഗെയിം ചേഞ്ചറാണെന്ന് വീണ്ടും തെളിയിക്കുകയാണ്.