/indian-express-malayalam/media/media_files/uploads/2023/06/Vishnu-Joshi.jpg)
Bigg Boss Malayalam Season 5: Vishnu Joshi gets evicted from the show
Bigg Boss Malayalam Season 5: ബിഗ് ബോസ് ഷോയിൽ നിന്നും അപ്രതീക്ഷിതമായി ഒരു മത്സരാർത്ഥി കൂടി വിടവാങ്ങിയിരിക്കുകയാണ്. വിഷ്ണു ജോഷിയാണ് ഇന്ന് ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥികളെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ എവിക്ഷൻ. ഈ ആഴ്ച പുറത്തുപോവില്ല എന്ന അമിതമായ ആത്മവിശ്വാസം വിഷ്ണുവിനും ഉണ്ടായിരുന്നു. അതിനാൽ താൻ പെട്ടി പോലും പാക്ക് ചെയ്തിരുന്നില്ലെന്നും വിഷ്ണു മോഹൻലാലിനോട് പറഞ്ഞു.
ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനായ വിഷ്ണു എല്ലാ ഭാഷകളിലെയും ബിഗ് ബോസ് ഷോകൾ കണ്ടും നിരീക്ഷിച്ചും ഹൗസിനകത്തേക്ക് എത്തിയ മത്സരാർത്ഥി കൂടിയായിരുന്നു. കായികപരമായ ടാസ്കുകളിലും ആദ്യ ആഴ്ചകളിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച വിഷ്ണു പതിയെ അഖിൽ മാരാരുടെ നിഴലായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. അഖിൽ, ഷിജു എന്നിവർക്കൊപ്പമുള്ള വിഷ്ണുവിന്റെ ഗ്രൂപ്പിസവും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
തനിയെ നിന്നു കളിച്ചാൽ ഫൈനൽ ഫൈവോളം എത്താൻ കഴിയുമായിരുന്ന മത്സരാർത്ഥിയായിരുന്നു വിഷ്ണു എന്നാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും വിലയിരുത്തുന്നത്. താനൊരു മികച്ച ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് ആദ്യഘട്ടത്തിൽ തെളിയിക്കാനും നിരവധി ഗെയിം ചേഞ്ചിംഗ് നിമിഷങ്ങൾ ഈ ഷോയ്ക്ക് സമ്മാനിക്കാനും വിഷ്ണുവിനു സാധിച്ചിരുന്നു. എന്നാൽ, ഗ്രൂപ്പിസം കളികളും കഴിഞ്ഞവാരം റിനോഷെന്ന മത്സരാർത്ഥിയ്ക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളുമെല്ലാം വിഷ്ണുവിനു വിനയായി മാറിയിട്ടുണ്ട് എന്നു വേണം കരുതാൻ.
ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിലും ഉഴപ്പൻ സമീപനമാണ് വിഷ്ണു സ്വീകരിച്ചത്. വാരാന്ത്യ എപ്പിസോഡിനെത്തിയ മോഹൻലാൽ മാരാർ, ഷിജു, വിഷ്ണു എന്നിവർ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ സ്വീകരിച്ച ഈ സമീപനത്തെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ചയിലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഒരു എവിക്ഷൻ കൂടി വരാനുണ്ടെന്ന സൂചന നൽകിയാണ് മോഹൻലാൽ യാത്ര പറഞ്ഞത്. വിഷ്ണുവിനൊപ്പം പടിയിറങ്ങുന്ന അടുത്ത മത്സരാർത്ഥി ആരാവും എന്നറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അതേസമയം, ഷിജുവാണ് ഷോയിൽ നിന്നും വിഷ്ണുവിനൊപ്പം പുറത്തിറങ്ങിയ മത്സരാർത്ഥി എന്ന രീതിയിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരാൻ ഞായറാഴ്ച എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us